ഗുവാം സൈനിക താവളം ആക്രമണ പദ്ധതി ഉടന്‍ തയ്യാറാകുമെന്ന് ഉത്തരകൊറിയ; നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്ക; ലോകം യുദ്ധഭീതിയില്‍

ഗുവാമിലെ അമേരിക്കന്‍ സൈനിക താവളം ആക്രമിക്കാനുള്ള മിസൈല്‍ ആക്രമണ പദ്ധതി ഈ മാസം പകുതിയോടെ സജ്ജമാകുമെന്ന് ഉത്തരകൊറിയ. നാല് ഹ്വാസോംഗ്-12 മിസൈലുകള്‍ ഗുവാമിലേക്ക് വിക്ഷേപിക്കാനാണ് ഉത്തരകൊറിയയുടെ പദ്ധതി. ഗുവാം ആക്രമണ പദ്ധതിയ്ക്ക് പൂര്‍ണ്ണരൂപമായാല്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനു മുകളിലൂടെ യുഎസ് സൈനിക താവളമായ ഗുവാം ആക്രമിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്.

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനുള്ള പ്രതികരണമായാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചത്. ഉത്തരകൊറിയ സ്വയം നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് മുന്നറിയിപ്പ് നല്‍കി. പ്രകോപനപരമായ നടപടികളുമായി ഉത്തരകൊറിയ മുന്നോട്ടുപോയാല്‍ ആ ഭരണകൂടം മാത്രമല്ല, ജനങ്ങള്‍ക്ക് കൂടി നാശം കൂടി സംഭവിച്ചേക്കാമെന്ന് ജയിംസ് മാറ്റിസ് താക്കീത് നല്‍കി. കിം ജോംഗ് ഉന്‍ അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.

അമേരിക്കയും ഉത്തരകൊറിയയും വാക്പോര് രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ ആണവായുധങ്ങള്‍ നവീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഉത്തരവ് നല്‍കി. മുന്‍കാലത്തേക്കാള്‍ ആണവായുധങ്ങള്‍ കരുത്തുറ്റതും ശക്തമാക്കണമെന്നുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

അതിനിടെ ഉത്തരകൊറിയയും അമേരിക്കയും യുദ്ധപ്രഖ്യാപനം അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ അതീവ ആശങ്കയുണ്ടെന്നും, മേഖലയിലെ സ്തിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജര്‍മ്മന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകള്‍ ട്രംപ് ഒഴിവാക്കണമെന്ന് ചൈന അഭ്യര്‍ത്ഥിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: