നോര്‍ട്ടിംങ്ഹാം വാഹനാപകടം : പാലാ സ്വദേശിയായ മലയാളി ഡ്രൈവര്‍ വിടവാങ്ങി; ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ അറസ്റ്റിലായതായി സൂചന

 

എം1ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. മിനിബസ് ഓടിച്ചിരുന്ന നോട്ടിങ്ഹാമിലുള്ള മലയാളിയായ ബെന്നിയും മരിച്ചവരില്‍ പെടുന്നു. ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബെന്നി എന്ന് വിളിക്കുന്ന സിറിയക് ജോസഫാണ് മരിച്ചത്. ഏറെ നാളുകളായി ടാക്സി ഓടിക്കുന്ന വ്യക്തിയാണ് ബെന്നി. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. ജംഗ്ഷന്‍ പതിനഞ്ചിനും പതിനാലിനും മദ്ധ്യേ ഒരേ ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങള്‍ ആണ് അപകടത്തില്‍പ്പെട്ടത്. മിനി ബസ് നോട്ടിംഗ്ഹാം നിന്നും ആണ് പുറപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് വെളുപ്പിന് മൂന്നേകാല്‍ മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ പരിക്കുപറ്റിയവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടവിവരം അറിഞ്ഞ് ധാരാളം മലയാളികള്‍ സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. ഏറെ നാളുകളായി ടാക്സി ഓടിക്കുന്ന വ്യക്തിയായ ബെന്നി വിമാനത്താവള യാത്രകള്‍, വിനോദയാത്രകള്‍ എന്നിവയ്ക്ക് ഇദ്ദേഹം സ്ഥിരമായി പോകാറുണ്ട്. മോട്ടോര്‍ വേയില്‍ മില്‍ട്ടണ്‍ കെയ്സിനും ന്യൂപോര്‍ട്ട് പാഗ്‌നലിനും ഇടയില്‍ വച്ചാണ് അപകടമുണ്ടായത്. മണിക്കൂറുകളായി അടച്ചിരുന്ന എം1 ജംഗ്ഷന്‍ 14നും പതിനഞ്ചിനും ഇടയില്‍ ഇപ്പോള്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ഇത് വഴിയുളള ഗതാഗതം താറുമാറായി. സില്‍വര്‍സ്റ്റോണില്‍ ബ്രിട്ടീഷ് മോട്ടോര്‍ ഗ്രാന്‍ഡ് പ്രീ നടക്കുന്നതിനാല്‍ മിക്ക റോഡുകളിലും അപകടത്തെ തുടര്‍ന്ന് ഗതാഗത കുരുക്കും രൂപം കൊണ്ടിരുന്നു.

അപകടത്തില്‍ മിനി വാനും ലോറിയും ഉള്‍പ്പെട്ടതോടെയാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. മരിച്ചവരെല്ലാം മിനിബസിലുണ്ടായിരുന്നവരാണ്. തമിഴ്കുടുംബമാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയും ഉളളതായി റിപ്പോര്‍ട്ടുണ്ട്. ലോറികള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാരാണ് അറസ്റ്റിലായതെന്നാണ് സൂചന. അപകടകരമായി ലോറി ഓടിച്ചതാണ് അപകടമുണ്ടാക്കിയത്. പൊലീസ് പരിശോധനയില്‍ ഇയാള്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യം കഴിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 3.15നാണ് അപകടമുണ്ടായത്. അത് കൊണ്ട് തന്നെ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതും വെളിച്ചക്കുറവും അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ബാങ്ക് -വാരാന്ത്യ അവധികള്‍ പ്രമാണിച്ച് റോഡില്‍ തിരക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: