ബ്രക്സിറ്റിന് ശേഷവും വടക്കന്‍ അയര്‍ലന്‍ഡുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.

ഡബ്ലിന്‍: ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ വടക്കന്‍-തെക്കന്‍ അയര്‍ലന്‍ഡുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉടലെടുക്കില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ഉറപ്പു നല്‍കുന്നു. അതിര്‍ത്തികളില്‍ പാസ്‌പോര്‍ട്ടോ, മറ്റ് തിരിച്ചറിയല്‍ രേഖകളോ കാണിക്കേണ്ടി വരില്ലെന്നും വരേദ്കര്‍ അറിയിച്ചു. ബ്രക്സിറ്റിന് സെക്രട്ടറി ഡേവിസും ഇ.യു കമ്മീഷന്‍ അംഗം മൈക്കല്‍ ബാര്‍നിയറും തമ്മിലുള്ള ചര്‍ച്ചയില്‍ വടക്കന്‍-തെക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തികളില്‍ ബ്രക്സിറ്റ് നിയമങ്ങള്‍ അയവു വരുത്തുമെന്ന ഒത്തുതീര്‍പ്പിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ അതിര്‍ത്തി കടക്കുമ്പോള്‍ നിര്‍ബന്ധമായും തിരിച്ചറിയല്‍ രേഖ പരിശോധിക്കപെടുമെന്ന മുന്‍ ഐറിഷ് പ്രസിഡന്റ് മേരി മെക് ആലീസിന്റെ അഭിപ്രായത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് വരേദ്കര്‍ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതുവായ സഞ്ചാര മേഖല ഉണ്ടായിരിക്കുമെന്ന് തന്നെയാണ് പ്രധാനമന്ത്രി നല്‍കുന്ന സൂചന. അയര്‍ലണ്ടുകാരെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു തീരുമാനമായിരിക്കും ഇത്.

തെക്ക്-വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം, കൃഷി, കന്നുകാലി വളര്‍ത്തല്‍, കച്ചവടം തുടങ്ങിയ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടു പോകുന്നത്. ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ഉപജീവനം ഇല്ലാതാകുമെന്ന ആശങ്കക്ക് വിരാമമിട്ടുകൊണ്ടാണ് വരേദ്കറിന്റെ പ്രതികരണം. ഇ.യു ചര്‍ച്ചകള്‍ക്കിടയില്‍ അയര്‍ലന്‍ഡുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ ബ്രിട്ടന്‍ താത്പര്യം പ്രകടിപ്പിച്ചത് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നാണ് അയര്‍ലന്‍ഡ് പ്രതീക്ഷിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: