എം 1 മോട്ടോര്‍ വേ ദുരന്തം: മദ്യപിച്ച് വാഹമോടിച്ച പോളണ്ടുകാരന്‍ കുറ്റക്കാരന്‍; മരണമടഞ്ഞവരുടെ മൃദദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും

കഴിഞ്ഞ ശനിയാഴ്ച അതിരാവിലെ മിനിബസ് രണ്ട് ലോറികളിലിടിച്ചുണ്ടായ അപകടത്തിനും രണ്ട് മലയാളികളടക്കമുള്ള എട്ട് പേരുടെ മരണത്തിനും കാരണമായ അപകടത്തിന്റെ ഞെട്ടലില്‍ നിന്നും യുകെയും ഇന്ത്യയും ഇനിയും വിട്ട് മാറിയിട്ടില്ല. ഈ അപകടത്തിന് പ്രധാന ഉത്തരവാദി മദ്യപിച്ച് ലോറിയോടിച്ചിരുന്ന പോളണ്ടുകാരന്‍ റിസാര്‍ഡ് മസിയെറാക്ക് ( 31) ആണെന്ന് ഇന്നലെ ഹൈ വൈകോംബെ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ നടന്ന വിചാരണക്കിടെ ബോധിപ്പിക്കപ്പെട്ടു. ഡ്രൈവ് ചെയ്യുമ്പോള്‍ നിയമപരമായി അനുവദിക്കപ്പെട്ട പരിധിയില്‍ കവിഞ്ഞ് മദ്യപിച്ചിരുന്ന ഈ ഡ്രൈവര്‍ ലോറി ഓടിക്കാനാവാതെ മോട്ടോര്‍വേയിലെ സ്ലോ ലൈനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

അപകടത്തില്‍ മരിച്ച പാല ചേര്‍പ്പുങ്കല്‍ സ്വദേശി സിറിയക് ജോസഫ് അഥവാ ബെന്നി(50) ഓടിച്ചിരുന്ന മിനിബസ് ഈ ലോറി പൊടുന്നനെ കണ്ട് വെട്ടിച്ച് മാറ്റുകയും സെക്കന്‍ഡ്ലൈനിലൂടെ വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് ഇന്നലെ നടന്ന വിചാരണയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തല്‍ഫലമായി അപകടത്തില്‍ പെട്ടിരുന്നവര്‍ സഞ്ചരിച്ചിരുന്ന മിനിബസ് രണ്ട് ലോറികള്‍ക്കും ഇടയില്‍ പെട്ട് തവിട് പൊടിയാവുകയായിരുന്നു. എന്നിട്ടും ഈ അപകടത്തില്‍ നിന്നും അഞ്ച് വയസുള്ള പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

ഈ അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞ മറ്റൊരു മലയാളി കോട്ടയം ചിങ്ങവനം ചാന്ദാനിക്കാട് ഇരുമ്പുഴ സ്വദേശി ഋഷി രാജീവ് (27) ആണ്. ഈ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബാക്കി ആറ് പേര്‍ വിപ്രോയിലെ മൂന്ന് എന്‍ജിനീയര്‍മാരും അവരുടെ കുടുംബക്കാരുമാണ്. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ യൂറോപ്പ് കാണാനായി പുറപ്പെട്ട് പോകവേയാണ് ഇവരെ മരണം പിടിച്ച് കൊണ്ടു പോയിരിക്കുന്നത്. ഈ കൂട്ടിയിടിയില്‍ പൊലിഞ്ഞ കാര്‍ത്തികേയന്‍ രാമസുബ്രഹ്മണ്യം പുഗലൂര്‍, റിഷി രാജീവ് കുമാര്‍, വിവേക് ഭാസ്‌കരന്‍ എന്നിവര്‍ നോട്ടിംഗ്ഹാമിലെ ഐടി സ്ഥാപനമായ വിപ്രോ ലിമിറ്റഡിലെ ജീവനക്കാരാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാലയത്തില്‍ തന്നോടൊപ്പം പഠിച്ചവരും ഇപ്പോള്‍ ജര്‍മനിയില്‍ കഴിയുന്നവരുമായ ഏതാനും മിത്രങ്ങളെ നേരിട്ട് കാണാനായിരുന്നു വിവേക് ഋഷിക്കൊപ്പം ജര്‍മനിയിലേക്ക് ഇറങ്ങിത്തിരിച്ചിരുന്നത്. ഈ യാത്രയില്‍ ജര്‍മനിക്ക് പുറമെ ബെല്‍ജിയം, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളും കറങ്ങാന്‍ ഇവര്‍ പ്ലാനിട്ടിരുന്നു. ഇവര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നതറിഞ്ഞ് സഹപ്രവര്‍ത്തകനായ മനോ രഞ്ജന്‍ പനീര്‍സെല്‍വവും കുടുംബവും ഇവര്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് വരെ വിവേക് ചെന്നൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ഏപ്രിലില്‍ യുകെലേക്ക് വരുകയായിരുന്നു.

മനോരഞ്ജന്റെ കൂടെ പത്നിയായ സംഗീത, അവരുടെ മാതാപിതാക്കള്‍,അമ്മായി തമിള്‍മണി, അമ്മാവന്‍ അരചെല്‍വന്‍ അരുണാചലം എന്നിവരും ബസിലുണ്ടായിരുന്നു. സംഗീത മരണത്തിന്റെ വായില്‍ നിന്നും തലനാരിഴ്ക്ക് ഒഴിഞ്ഞ് മാറിയെങ്കിലും തമിള്‍മണിയും അരചവേലനും അകാലത്തില്‍ പൊലിഞ്ഞിരുന്നു. ഓഗസ്റ്റ് 18ന് യുകെയിലെത്തിയ അവര്‍ അവസാന നിമിഷത്തിലായിരുന്നു ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ ഒരുങ്ങിയിറങ്ങിയത്. അത് മരണത്തിലേക്കുള്ള യാത്രയുമായിത്തീര്‍ന്നു. കൂട്ടിയിടിയില്‍ കനത്ത പരുക്കേറ്റ അഞ്ച് വയസുകാരി അടക്കമുള്ള മൂന്നു പേരുടെ നില ഗുരുതരമാണ്.

അഞ്ചു വയസുകാരിയുടെ അച്ഛനമ്മമാരും സംഭവത്തില്‍ മരണപ്പെട്ടിരുന്നു. വോര്‍സെസ്റ്റര്‍ഷെയറിലെ ഇവെഷാമില്‍ കഴിയുന്ന റിസാര്‍ഡ് മസിയെറാക്കിന് മേല്‍ വിവിധ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് വണ്ടിയോടിച്ച് കൊലപാത കുറ്റം വരെ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും ഇയാള്‍ക്കും മറ്റേ ലോറി ഡ്രൈവര്‍ക്കും കനത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മറ്റേ ഡ്രൈവറും മദ്യലഹരിയിലാണ് വണ്ടിയോടിച്ചിരുന്നതെന്ന് സൂചനയുണ്ട്.

അതേസമയം എം1 മോട്ടോര്‍വേയിലുണ്ടായ അപകടത്തില്‍ മരിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള അടിയന്തിര നടപടികള്‍ ആരംഭിച്ചു. ഇതിനായി കഴിഞ്ഞ ദിവസം മില്‍ട്ടണ്‍ കെയിന്‍സില്‍ ഉന്നതതലയോഗം ചേര്‍ന്ന് നടപടികളുടെ പുരോഗതി വിലയിരുത്തി. തുടര്‍ നടപടികള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയുക എന്നുള്ളതാണ് പൊലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പൂര്‍ണ്ണമായി തകര്‍ന്ന മിനിബസിന് ഉള്ളില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ഛിന്നഭിന്നമായിപ്പോയിരുന്നു. ഡിഎന്‍എ പരിശോധനയിലൂടേയോ വിരലടയാള പരിശോധനയിലൂടെയോ മാത്രമേ മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കൂ. ഡിഎന്‍എ പരിശോധനയ്ക്ക് കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ വിരലടയാള പരിശോധന നടത്തി മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞാലുടന്‍ തന്നെ മറ്റ് നടപടിക്രമങ്ങള്‍ ഒഴിവാക്കി ഔട്ട് ഓഫ് ഇംഗ്ലണ്ട് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് എന്ന് കൊറോണര്‍ വിശദീകരിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: