ജപ്പാന് കുറുകെ മിസൈല്‍ പരീക്ഷണങ്ങള്‍ അവര്‍ത്തിക്കുമെന്ന് ഉത്തരകൊറിയ; അപലപിച്ച് ഐക്യരാഷ്ട്രസഭ

ജപ്പാന് കുറുകെ ഇനിയും മിസൈല്‍ പറത്തുമെന്നും കഴിഞ്ഞ ദിവസത്തെ മിസൈല്‍ പരീക്ഷണം തുടര്‍ പരീക്ഷണങ്ങളുടെ തുടക്കം മാത്രമാണെന്നും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് അന്‍ പറഞ്ഞു. അമേരിക്കയും ജപ്പാനും സംയുക്തമായി സൈനികാഭ്യാസം നടത്തിയ ജപ്പാനിലെ ഹൊക്കായ്‌ഡോ ദ്വീപിന് മുകളിലൂടെയാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ മിസൈല്‍ തൊടുത്തത്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ അധീനതയിലുള്ള ഗുവാം ദ്വീപിലേക്ക് മിസൈല്‍ തൊടുക്കുമെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ സ്ഥിതിഗതി വഷളായി.

ഉത്തരകൊറിയയുടെ നടപടിയെ ഐക്യരാഷ്ട്രസഭ അപലപിച്ചു. മിസൈല്‍ പരീക്ഷണങ്ങള്‍ ലോകത്തിന് ഭീഷണിയാണെന്ന് യുഎന്‍ സുരക്ഷാ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. മിസൈല്‍ പരീക്ഷണം തുടരാന്‍ കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പരീക്ഷണങ്ങള്‍ വഴി ഉത്തരകൊറിയ മേഖലയിലും ലോകരാജ്യങ്ങള്‍ക്കിടയിലും കൂടുതല്‍ ഒറ്റപ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഉത്തരകൊറിയക്കെതിരെ കടുത്ത നടപടി വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹേലി പറഞ്ഞു.

ചൊവ്വാഴ്ചയാണ് പ്യോങ്യ്യാങിലെ അന്തര്‍ദേശീയ വിമാനത്താവളത്തിന് സമീപത്തുനിന്ന് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. 550 കിലോമീറ്റര്‍ ഉയരത്തില്‍ 2700 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ തീരത്തുനിന്ന് 1180 കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തിലാണ് പതിച്ചത്. ജപ്പാന്‍ മേഖലയ്ക്ക് മുകളിലൂടെ ഉത്തരകൊറിയ ആദ്യമായാണ് മിസൈല്‍ തൊടുത്തത്.

 
എ എം

Share this news

Leave a Reply

%d bloggers like this: