ബ്രക്സിറ്റ് കടുത്താല്‍ അയര്‍ലണ്ടില്‍ വരാനിരിക്കുന്നത് മരുന്ന് ക്ഷാമം

ഡബ്ലിന്‍: ബ്രക്‌സിറ്റിന്റെ ദൂരവ്യാപക ഫലങ്ങള്‍ അയര്‍ലണ്ടിലെത്തിക്കഴിഞ്ഞെന്ന് മുന്നറിയിപ്പ്. ഔഷധ ഇറക്കുമതിയില്‍ ബ്രിട്ടനെ ആശ്രയിച്ചിരുന്ന അയര്‍ലണ്ടില്‍ മരുന്നുകള്‍ക്ക് ക്ഷാമം സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മുന്‍നിര ഔഷധ നിര്‍മ്മാണ കമ്പനികള്‍ എച്ച്.എസ്.ഇ യെ ഈ വാര്‍ത്ത അറിയിച്ചിരുന്നു.

രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ പലതും ബ്രിട്ടന്റെ നിര്‍മ്മാണ യൂണിയനില്‍ ഉല്പാദിപ്പിക്കുന്നവയാണ്. യൂണിയനുമായി ബന്ധം വിച്ഛേദിക്കപ്പെടുന്നതോടെ കയറ്റുമതി-ഇറക്കുമതി ബന്ധങ്ങളിലും മാറ്റം വരും. ഇതോടെ ഗുരുതര രോഗാവസ്ഥക്കുള്ള ഔഷധങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടും.

ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ അയര്‍ലണ്ടിലെത്തുന്നതില്‍ കുറവ് അനുഭവപ്പെടുന്നതോടൊപ്പം മരുന്നുകളുടെ വിലയിലും കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് ഔഷധ കമ്പനികള്‍ സൂചന നല്‍കുന്നത്. ആശുപത്രി പ്രതിസന്ധികളില്‍പെട്ട് ഉലയുന്ന അയര്‍ലന്‍ഡിന് കടുത്ത ബാധ്യത വരാനിരിക്കുന്നത് മരുന്ന് വിതരണത്തിലായിരിക്കും. യൂറോപ്പിന് പുറത്തേക്ക് ജപ്പാനുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള അയര്‍ലന്‍ഡ് ഫാര്‍മസ്യുട്ടിക്കല്‍ ഉത്പന്നങ്ങള്‍ ആവശ്യാനുസരണം ലഭിക്കുമോ എന്ന അന്വേഷണത്തിലാണ്. യൂണിയന്‍ രാജ്യങ്ങള്‍ക്കെല്ലാം ഈ പ്രശ്‌നം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

യൂറോസോണില്‍ പുറത്തുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ വിദേശ മന്ത്രാലയം നടത്തി വരികയാണ്. അതിന് ഇറക്കുമതി തീരുവ കുറച്ച് മരുന്നുകള്‍ രാജ്യത്തെത്തിക്കുക എന്ന കടമ്പ കടക്കേണ്ടതുണ്ട്. യു.എസ്സുമായും കാനഡയുമായും വ്യാപാര കരാറിലൂടെ താത്കാലികമായി പ്രതിസന്ധിയെ മറികടക്കാന്‍ കഴിഞ്ഞാല്‍ ബ്രക്സിറ്റ് ഉയര്‍ത്തിയ വെല്ലുവിളിയെ അയര്‍ലന്‍ഡ് സധൈര്യം നേരിടാം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: