665 ദിവസം ബഹിരാകാശത്ത് താമസിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച് പെഗി വിറ്റ്‌സന്‍

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ 288 ദിവസം ചെലവഴിച്ചതിനു ശേഷം ബഹിരാകാശ യാത്രിക പെഗി വിറ്റ്‌സന്‍ ശനിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ കസാഖിസ്ഥാനിലാണു അമേരിക്കകാരിയായ പെഗി കാലുകുത്തിയത്. യുഎസ് സമയം ശനിയാഴ്ച രാത്രിയായിരുന്നെന്നു യുഎസ് സ്‌പേസ് ഏജന്‍സി അറിയിച്ചു.

2016 നവംബറിലാണു പെഗി ബഹിരാകാശ കേന്ദ്രത്തിലേക്കു പോയത്. നിരവധി തവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള പെഗി ഇതുവരെ ആകെ 665 ദിവസം സ്‌പേസില്‍ ചെലവഴിച്ചിട്ടുണ്ട്. ഭ്രമണപഥത്തിലായിരുന്നപ്പോള്‍ പെഗി നിരവധി റെക്കോര്‍ഡുകളാണു സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രിക, ഏറ്റവും പരിചയസമ്പന്നത നേടിയ വനിത സ്‌പേസ് വാക്കര്‍ (10 തവണ) തുടങ്ങിയവയാണ് 57-കാരിയായ പെഗി സ്ഥാപിച്ച റെക്കോര്‍ഡുകള്‍. ബഹിരാകാശ കേന്ദ്രത്തെ രണ്ട് തവണ നിയന്ത്രിച്ചതും പെഗിയായിരുന്നു.

ബയോ കെമിസ്റ്റായ പെഗി, ബഹിരാകാശത്തു ചെലവഴിച്ച ദിവസങ്ങളില്‍ ബയോളജി, ബയോടെക്‌നോളജി, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ നൂറ് കണക്കിനു ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണു നടത്തിയതെന്നു നാസ അറിയിച്ചു. ബഹിരാകാശ നിലയത്തില്‍നിന്നും പെഗിയോടൊപ്പം ഭൂമിയിലേക്ക് യാത്ര തിരിച്ചവരില്‍ നാസയിലെ ജാക്ക് ഫിഷറും റഷ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഫ്യോദര്‍ യൂര്‍ചിക്കിനുമുണ്ടായിരുന്നു. എക്‌സ്‌പെഡീഷന്‍ 52 എന്ന ബഹിരാകാശ ദൗത്യത്തിലെ ഫ്‌ളൈറ്റ് എഞ്ചിനീയറാണു ജാക്ക് ഫിഷര്‍.

 
എ എം

Share this news

Leave a Reply

%d bloggers like this: