ആലപ്പുഴയിൽ ചതുപ്പില്‍ താണ ആനയെ 17 മണിക്കൂറിനൊടുവില്‍ കരയ്ക്ക് കയറ്റി

ആലപ്പുഴ തുറവൂരില്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടി ചതുപ്പില്‍ താണ ആനയെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനോടുവില്‍ കരയക്ക് കയറ്റി. എന്നാല്‍ പട്ടിണിയും ക്ഷീണവും മൂലം കടുത്ത ക്ഷീണത്തിലാണ്. ഇന്ന് രാത്രി എട്ടു മണിയോടെയാണ് എലിഫന്റ് റെസ്ക്യൂ ടീമിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ആനയെ കരയ്ക്ക് കയറ്റിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് ചതുപ്പില്‍ പെട്ടത്. ലോറിയില്‍ നിന്ന് ഇറങ്ങി ഓടുന്ന വഴി ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു. തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിന് ശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോളാണ് സംഭവം.

തുറവൂരില്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടിയ ആന ആറു കിലോമീറ്റര്‍ അപ്പുറം വളമംഗലം അനന്തന്‍കരിയിലുള്ള ചതുപ്പില്‍ വെളുപ്പിനെ നാലു മണിയോടെ കുടുങ്ങുകയായിരുന്നു. അതിരാവിലെ തന്നെ നാട്ടുകാര്‍ വടം കെട്ടിയും മറ്റും ആനയെ വലിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ പൂര്‍ണമായും ചെളിയില്‍ പൂണ്ടുപോയതിനാല്‍ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.

ചുറ്റും ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സാധ്യമായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് വടവും ചങ്ങലകളും കെട്ടി ഉയര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.  ഉച്ചയോടെ എലിഫന്റ് റെസ്ക്യൂ ടീം എത്തിച്ച വലിയ ബെല്‍റ്റുകളും വടങ്ങളും ഉപയോഗിച്ച് ആനയുടെ മുന്‍കാലുകള്‍ മണല്‍ത്തിട്ടയിലേക്ക് കയറ്റി വയ്ക്കാന്‍ സാധിച്ചു. എന്നാല്‍ കടുത്ത അവശാതയിലായ ആനയ്ക്ക് അവിടെ നിന്ന് തനിയെ എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഇടയ്ക്ക് ആനയ്ക്ക് ഗ്ലൂക്കോസ് ഉള്‍പ്പെടെ ഉള്ളവ നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ ആനയെ പൂര്‍ണമായി കരയ്ക്ക്‌ കയറ്റുകയായിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: