അനാവശ്യ ചെലവുകള്‍ കുറക്കുക: എച്ച്.എസ്.ഇ-ക്ക് വരേദ്കറിന്റെ കടുത്ത നിര്‍ദ്ദേശം

ഡബ്ലിന്‍: എച്ച്.എസ്.ഇ യുടെ ചെലവ് നിയന്ത്രണവിധേയമാക്കാന്‍ പ്രധാനമന്ത്രി ലിയോ വരേദ്കര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ച തുകയില്‍ 300 മില്യണ്‍ യൂറോ അധികമായി ചെലവാക്കിയ സാഹചര്യത്തിലാണ് മന്ത്രി ലിയോ വരേദ്കറിന്റെ മുന്നറിയിപ്പ്. വരും ബഡ്ജറ്റില്‍ ആരോഗ്യ മേഖലക്ക് വേണ്ടി 14.6 ബില്യണ്‍ യൂറോയാണ് വകയിരുത്തിയിരിക്കുന്നത്.

അയര്‍ലന്‍ഡ് എന്ന രാജ്യം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് വന്‍ തുക എച്ച്.എസ്.ഇ-ക്ക് വേണ്ടി വരും വര്‍ഷത്തേക്ക് മാറ്റി വെച്ചിരിക്കുന്നതെന്നും മന്ത്രി പ്രസ്താവിച്ചു. ചെലവിടുന്ന തുകക്ക് അനുസരിച്ച് പൊതു ആരോഗ്യ കേന്ദ്രങ്ങളിലെ ഗുണ നിലവാരവും ഉയരേണ്ടതുണ്ട്. രാജ്യത്ത് അനന്തമായി തുടരുന്ന വെയ്റ്റിങ് ലിസ്റ്റിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രി പൊതു ആശുപത്രികളെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ വെച്ച് ആരോഗ്യ മേഖലക്ക് വന്‍ തുക ചെലവിടുന്ന രാജ്യമാണ് അയര്‍ലന്‍ഡ്. എന്നിട്ടും ആശുപത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രികളുടെ അടിസ്ഥാന വികസനം മുതല്‍ ആരോഗ്യ ജീവനക്കാരുടെ റിക്രൂട്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി നടന്നാല്‍ മാത്രമേ രോഗികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ചികിത്സയും, പരിചരണവും സാധ്യമാവുകയുള്ളുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: