സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു: താലയിലേക്കുള്ള റൂട്ടുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഡബ്ലിന്‍ ബസ്…

താല: അടുത്ത ആഴ്ച മുതല്‍ താലയിലേക്കുള്ള റൂട്ടുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ അറിയിച്ചിരിക്കുകയാണ്. താലയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം സഹിക്കവയ്യാതെയാണ് തങ്ങള്‍ ഈ ഒരു തീരുമാനത്തിലെത്തിയതെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയനില്‍ അംഗങ്ങളായ ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ പറയുന്നു. ജോലിയില്‍ സുരക്ഷിതത്വം ഇല്ലാത്തതും, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്തതിനാലുമാണ് ഡ്രൈവര്‍മാര്‍ കടുത്ത തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബസിനു മുകളില്‍ തൂങ്ങിക്കിടന്നു അലക്ഷ്യമായി യാത്ര ചെയ്യുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ബസിനു നേരെ കല്ലെറിയുക തുടങ്ങി അപകടകരമായ സാഹചര്യങ്ങളെയാണ് ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുക, വെടിവയ്ക്കാന്‍ ശ്രമം നടത്തുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുമായാണ് ഡബ്ലിന്‍ ബസ് താലയില്‍ റൂട്ടുകള്‍ ചുരുക്കാന്‍ തയ്യാറായിരിക്കുന്നത്. വൈകിട്ട് 6 നു ശേഷം താലയിലേക്കുള്ള റൂട്ടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍.

പടിഞ്ഞാറന്‍ താലയില്‍ 27, 77a, 65b റൂട്ടുകളില്‍ സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററിനോട് ചേര്‍ന്നുള്ള ഭാഗത്ത് സെപ്റ്റംബര്‍ 17 വൈകുന്നേരം 6 മണി മുതലുള്ള റൂട്ടുകള്‍ നിര്‍ത്തലാക്കി തരണമെന്നാണ് ഡബ്ലിന്‍ ബസ് ജീവനക്കാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച 27 റൂട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ നിര്‍ത്താതെയുള്ള കല്ലേറില്‍ ഒരു മണിക്കൂറോളം ബസ് വഴിതിരിച്ചു വിടേണ്ട സാഹചര്യമുണ്ടായിരുന്നു. ജീവന്‍ ഭീഷണിയുടെന്നു ചൂണ്ടിക്കാട്ടി പൂര്‍ണമായും ഈ ഭാഗത്തേക്കുള്ള ഗതാഗതം നിര്‍ത്തലാക്കാനും ഡബ്ലിന്‍ ബസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ ഡബ്ലിന്‍ പ്രദേശത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ഇവരുടെ ശല്യം സഹിക്കാന്‍ വയ്യാതെ പ്രദേശവാസികള്‍ ഇതിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് കൗണ്‍സിലര്‍ക്ക് പരാതി സമര്‍പ്പിച്ചിരിക്കുകയാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: