നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസിന്റെ അന്വേഷണം തിരക്കഥ പോലെയാണോയെന്ന് കോടതി ചോദിച്ചു. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണം എന്ന് അഭിപ്രായപ്പെട്ട കോടതി അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരഗിണിക്കവെയായിരുന്നു കോടതി പൊലീസിനെതിരെ ആഞ്ഞടിച്ചത്. ഈ മാസം 15 ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നാദിര്‍ഷായോട് നിര്‍ദ്ദേശിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റിവെച്ചു.

കേസിന്റെ അന്വേഷണം എപ്പോള്‍ അവസാനിക്കുമെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു. സിനിമാ തിരക്കഥ പോലെയാണോ പൊലീസിന്റെ അന്വേഷണം. അന്വേഷണസംഘം ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണ്. ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ അന്വേഷണം നടത്തുന്നത്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണം. കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാദിര്‍ഷയ്ക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ നാദിര്‍ഷ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. കഴിഞ്ഞ ദിവസമാണ് നാദിര്‍ഷയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷ ഇനിയും തയ്യാറായിട്ടില്ല.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: