കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നു; പ്രഖ്യാപനം ഈ മാസം അവസാനമെന്ന് റിപ്പോര്‍ട്ട്

 

ജയലളിതയുടെ മരണത്തോടെ കുഴഞ്ഞുമറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ എത്തുന്നു. പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണ ശ്രമത്തിലാണ് കമല്‍ഹാസനെന്ന്, പ്രമുഖ ദേശീയദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും, കമല്‍ഹാസനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലാണ്. അടുത്തുതന്നെ പാര്‍ട്ടി പ്രഖ്യാപനമുണ്ടായേക്കും. വിജയദശമി ദിനം, ഗാന്ധിജയന്തി ദിനം എന്നിവയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് പരിഗണിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്നാട്ടില്‍ അടുത്തുനടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 4000 ഓളം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാനാണ് ഉലകനായകന്റെ ആലോചന. ജില്ലകളിലും താലൂക്കുകളിലുമുള്ള തന്റെ ഫാന്‍സ് അസോസിയേഷനുകളെ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ലയിപ്പിക്കും. അതുവഴി താഴേത്തലത്തിലെ ഭരണസ്ഥാപനങ്ങളിലേക്ക് പാര്‍ട്ടി അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് കമല്‍ഹാസന്‍ കണക്കുകൂട്ടുന്നു.

ഈ മാസം 15 ന് ചെന്നൈയിലും, 16 ന് കോഴിക്കോടും കമല്‍ഹാസന്‍ സംബന്ധിക്കുന്ന പരിപാടികള്‍, രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വര്‍ഘീയ ഫാസിസത്തിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് കമല്‍ഹാസന്‍ സംബന്ധിക്കുന്നത്.

നേരത്തെ ശശികല-പളനിസാമി-പനീര്‍ശെല്‍വം വിഭഗങ്ങള്‍ തമ്മിലുള്ള എഐഎഡിഎംകെയിലെ അധികാര വടംവലിയെ നിശിതമായി വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. പളനിസാമി-പനീര്‍ശെല്‍വം ലയനത്തെയും താരം പരിഹസിച്ചിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പികളാണ് ഇരിക്കുന്നതെന്നും ഇത് ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കമലഹാസന്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായും കമലഹാസന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം അഴിമതിയാണെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും കമലഹാസന്‍ വിമര്‍ശിച്ചു. തമിഴ്നാട് രാഷ്ട്രീയത്തിലെ നാടകീയ രംഗങ്ങളെ വിമര്‍ശിച്ച അദ്ദേഹം, തമിഴ്നാട്ടില്‍ കുതിരകച്ചവടം അനുവദിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: