ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹമോചനം; ആറ് മാസം കാത്തിരിക്കണമെന്നില്ലെന്ന് സുപ്രീംകോടതി

ഹിന്ദു വിവാഹ മോചന നിയമത്തില്‍ സുപ്രധാന തിരുത്തലുമായി സുപ്രീംകോടതി. ഹിന്ദു വിവാഹ നിയമപ്രകാരം നിലവില്‍ വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറ് മാസം കാത്തിരിക്കണം. ഈ വ്യവസ്ഥയാണ് സുപ്രീംകോടതി ഇളവ് ചെയ്തത്. ഇത്രയും സമയം കാത്തിരിക്കേണ്ട കാര്യമില്ലെന്നും അതിനാല്‍ കാത്തിരിപ്പ് സമയം ഏറ്റവും കുറഞ്ഞത് ഒരാഴ്ചയായി ചുരുക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്.

ദമ്പതികള്‍ തയാറാണെങ്കില്‍ എത്രയും വേഗത്തില്‍ തന്നെ വിവാഹമോചന നടപടികള്‍ ചെയ്തു തീര്‍ക്കണം. സാദ്ധ്യമായ മാര്‍ഗങ്ങളെല്ലാം ചെയ്തിട്ടും വേര്‍പിരിയാനാണ് ദമ്പതികളുടെ തീരുമാനമെങ്കില്‍ അത് അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

എട്ട് വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുന്ന ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിവാഹമോചനത്തിനുള്ള നിര്‍ബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ ജീവിതത്തിന് ഈ കാലതാമസം തടസമുണ്ടാക്കുന്നതായും ഇവര്‍ വാദിച്ചു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: