അമേരിക്കയെയും ജപ്പാനെയും ചൊറിഞ്ഞ് ഉത്തരകൊറിയ: ഇരു രാജ്യങ്ങളുടെയും ഉന്മൂലനാശം ലക്ഷ്യം വെയ്ക്കുന്നു; സൈബര്‍ കൊള്ളക്കും സാധ്യതയേറുന്നു…

സോള്‍. ജപ്പാനും അമേരിക്കയ്ക്കുമെതിരെ ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് അമേരിക്കയെ ചാരമാക്കുകയും സഖ്യകക്ഷിയായ ജപ്പാനെ കടലില്‍ മുക്കുകയും ചെയ്യുമെന്നാണ് ഭീഷണി. തങ്ങളുടെ രാജ്യത്തിന് അടുത്ത് ഇങ്ങനെയൊരു രാജ്യം വേണ്ടെന്നാണ് വിശദീകരണം.
ഉപോരോധം ശക്തമാക്കി ഐകൃരാഷ്ട്ര സഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഉത്തര കൊറിയ. ആണവായുധങ്ങള്‍ ഉപയോഗിച്ചു ജപ്പാനെ കടലില്‍ മുക്കു’മെന്നും യുഎസിനെ ചാരമാക്കുമെന്നും ഭീഷണി മുഴക്കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെസിഎന്‍എ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യുഎന്‍ ഉപരോധത്തെ കടുത്ത ഭാഷയിലാണ് ഉത്തര കൊറിയ വിമര്‍ശിച്ചത്. ‘ആപത്കാലത്തിന്റെ ഉപകരണം’ എന്നായിരുന്നു വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ ഏഷ്യ പസിഫിക് പീസ് കമ്മിറ്റി ഉപരോധത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ‘കോഴ വാങ്ങിയ രാജ്യങ്ങള്‍’ ആണ് ഉപരോധത്തെ പിന്താങ്ങിയതെന്നും കമ്മിറ്റി ആരോപിച്ചു. ‘ഞങ്ങളുടെ സമീപത്ത് ജപ്പാന്‍ ഇനി ആവശ്യമില്ല. ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലില്‍ മുക്കും. യുഎസിനെ ചാരമാക്കി ഇരുട്ടിലാക്കും’ എന്നൊക്കെയാണ് ഉത്തര കൊറിയയുടെ പ്രസ്താവനകള്‍. വാചകമടി തുടര്‍ന്നാല്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പിന് ശേഷമാണ് പുതിയ ഭീഷണി. യുഎസ് അവരുടെ നിഷേധാത്മക നിലപാടു തിരുത്തുന്നതുവരെ ഒരു വിധത്തിലുമുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ആണവപദ്ധതിക്കു പണം കിട്ടാതാവുന്നതോടെ ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴങ്ങുമെന്ന കണക്കുകൂട്ടലില്‍ കടുത്ത ഉപരോധ നടപടികളാണ് യുഎന്‍ രക്ഷാസമിതി സ്വീകരിച്ചത്. പ്രകൃതി വാതകം, എണ്ണയുടെ ഉപോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണമായി വിലക്കി. കല്‍ക്കരി കഴിഞ്ഞാല്‍ തുണിത്തരങ്ങളുടെ കയറ്റുമതിയാണു കൊറിയയുടെ പ്രധാന വരുമാനമാര്‍ഗം. ഇതും നിരോധിച്ചു. വിദേശത്തു ജോലി ചെയ്യുന്ന 93,000 കൊറിയന്‍ പൗരന്മാര്‍ നികുതിയിനത്തില്‍ അയയ്ക്കുന്ന തുകയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി. സംയുക്ത സംരംഭങ്ങള്‍ വിലക്കിയതോടെ നിക്ഷേപസാധ്യതകളും സാങ്കേതികവിദ്യാ കൈമാറ്റവും ഇനി നടക്കില്ല എന്നാണ് കണക്കുകൂട്ടല്‍.

എന്നാല്‍ കിം ജോങ് ഉന്നിന് മുന്നില്‍ ഈ ഉപരോധത്തിന് കീഴടങ്ങാനാവില്ലെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ പണമിടപാട് സേവനം തുടരുന്നിടത്തോളം കാലം ഉപരോധത്തെ കിമ്മിന് ഭയക്കേണ്ടതില്ല. എവിടെയും എപ്പോഴും രഹസ്യമായി കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണ് ബിറ്റ്‌കോയിന്‍. സൈബര്‍ സാങ്കേതിക രംഗത്ത് വന്‍ ശക്തിയായ ഉത്തര കൊറിയയ്ക്ക് മുന്നില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിരവധി വഴികളുണ്ട്. ലോകബാങ്കുകള്‍ കൊള്ളയടിക്കാന്‍ വരെ ശേഷിയുള്ള സൈബര്‍ സംഘങ്ങള്‍ ഉത്തരകൊറിയയിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്.

ഉത്തരകൊറിയയുടെ ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് ഇന്ത്യ അടക്കമുള്ള 18 രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും സൈബര്‍ കൊള്ള നടത്തിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പ്രസ് സ്‌കൈ തന്നെയാണ് ഇത്തരത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നത്. ഉത്തരകൊറിയന്‍ ഭരണകൂടം പിന്തുണയ്ക്കുന്ന സൈബര്‍ പടയാളികളാണ് കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും കാസ്പ്രസ് സ്‌കൈ പറയുന്നു. കോസ്റ്ററിക്ക, എത്തോപ്യ, ഗാബോണ്‍, ഇന്ത്യ, ഇന്തൊനീഷ്യ, ഇറാഖ്, കെനിയ, മലേഷ്യ, നൈജീരിയ, പോളണ്ട്, തായ്‌ലണ്ട്, തായ്വാന്‍, യുറുഗ്വേ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയാണ് ഉത്തരകൊറിയ ലക്ഷ്യം വെക്കുന്നത്. 2015 മുതലാണ് ലസാറുസ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. വിയറ്റ്‌നാമീസ് കൊമേഴ്‌സ്യല്‍ ബാങ്കായിരുന്നു ഇവരുടെ ആദ്യകാല ഇരകളിലൊന്ന്. ആഫ്രിക്കയിലെ ഗാബോണിലേയും നൈജീരിയയിലേയും ബാങ്കുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് കാസ്പ്രസ് സ്‌കൈ വ്യക്തമാക്കുന്നുണ്ട്. ഉപരോധം ശക്തമാകുന്നതോടെ പണത്തിനായി വീണ്ടും ലോകബാങ്കുകള്‍ ഇവര്‍ കൊള്ളയടിക്കുമെന്നാണ് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷ ശക്തമല്ലാത്ത രാജ്യങ്ങളുടെ ബാങ്കുകള്‍ കൊള്ളയടിക്കാനുള്ള ശേഷി ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കുണ്ട്.

 

 

 

ഡി കെ

 

 

 

Share this news

Leave a Reply

%d bloggers like this: