ഭാര്യയെ പീഡിപ്പിച്ചാല്‍ പാസ്‌പോര്‍ട്ടില്‍ പണി കിട്ടും…

ന്യുഡല്‍ഹി: ഭാര്യയെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യാനുള്ള നിയമം വിദേശകാര്യ മന്ത്രാലയം നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു. വിദേശരാജ്യങ്ങളുമായുള്ള കുറ്റവാളി കൈമാറ്റ കരാറുകളില്‍ ഗാര്‍ഹിക പീഡനവും ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശയില്‍ വ്യക്തമാക്കുന്നുണ്ട്. എന്‍.ആര്‍.ഐ ഭര്‍ത്താക്കന്മാര്‍ തഴയുന്ന സ്ത്രീകളുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ റിട്ട.ജസ്റ്റിസ് അരവിന്ദ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം കുറ്റവാളി കൈമാറ്റ കരാറിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ശുപാര്‍ശയും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

സ്ത്രീ പീഡനവും വിവാഹ ശേഷം ഭാര്യയെ ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ കടക്കുന്നതുമായ പരാതികള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാരത്തിന് വിദേശകാര്യമന്ത്രാലയം സമിതിയെ നിയോഗിച്ചത്. പഞ്ചാബിലെ പ്രവാസി കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് അരവിന്ദ് കുമാര്‍ ഗോയലാണ് സമിതിയുടെ അധ്യക്ഷന്‍. ഭാര്യമാരെ പീഡിപ്പിക്കുകയോ ഉപേക്ഷിച്ചുപോവുകയോ ചെയ്യുന്ന ഭര്‍ത്താക്കന്മാരെ വിദേശത്തുനിന്ന് പിടികൂടി നിയമ നടപടികള്‍ക്ക് വിധേയരാക്കാന്‍ നിലവില്‍ നിരവധി പരിമിതികളുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയവും വനിത, ശിശുവികസന മന്ത്രാലയവും ചേര്‍ന്നാണ് നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.

പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനൊപ്പം പ്രവാസി വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാനും ശുപാര്‍ശയുണ്ട്. സാമൂഹിക സുരക്ഷ നമ്പര്‍ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തും. ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് നിയമനടപടിക്ക് നല്കുന്ന സാമ്പത്തിക സഹായം ഇരട്ടിപ്പിച്ച് 6000 ഡോളറായി ഉയര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമിതിയുടെ ശുപാര്‍ശകള്‍ തുടര്‍ നടപടികള്‍ക്കായി പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: