നവമാധ്യമങ്ങളില്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നു

വിവിധ കോണുകളില്‍നിന്നും വിമര്‍ശനം നേരിടുന്നതിനെ തുടര്‍ന്നു രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. കഴിഞ്ഞ മാസമാണ് ഇക്കാര്യം ഫേസ്ബുക്ക് സിഇഒയായ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ പാത സ്വീകരിച്ചു ഗൂഗിളും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യുഎസ് കോണ്‍ഗ്രസില്‍ നിന്നും സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലാണു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടെക് ഭീമന്മാര്‍ തയാറാകുന്നത്. നിയന്ത്രണം കൊണ്ടുവരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും സ്വയം നിയന്ത്രണങ്ങളും ഉണ്ടാകുമെന്നാണു സുക്കര്‍ബര്‍ഗ് അറിയിച്ചത്.

മറ്റ് രാജ്യങ്ങളിലെ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വ്യാജ പ്രചരണങ്ങള്‍ക്കു സര്‍ക്കാരുകള്‍ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നു സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. അതേസമയം വിദ്വേഷം ജനിപ്പിക്കുംവിധമുള്ള ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നു യൂറോപ്യന്‍ യൂണിയന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവര്‍ക്കു താക്കീത് നല്‍കി. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നേരത്തേ ഉറപ്പു നല്‍കിയിരുന്നു.

പക്ഷേ ഇത്തരത്തിലുള്ള 28% കേസുകളിലും ഇവ നീക്കം ചെയ്യാന്‍ തന്നെ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നു യൂറോപ്യന്‍ യൂണിയനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ മരിയ ഗബ്രിയേല്‍ പറഞ്ഞു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിനായി നിയമ നിര്‍മാണം നടത്താന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു. ശിക്ഷാ നടപടികളുടെ ഭാഗമായി ഈ വര്‍ഷമാദ്യം ഗൂഗിളിന് 2.8 ബില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കും മുന്‍പേ തന്നെ ജര്‍മനി, യുകെ മുതലായ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: