അനധികൃത കുടിയേറ്റ നിയമ ഭേദഗതി യു.എസ് കോണ്‍ഗ്രസ്സ് ഉടന്‍ പാസാക്കും: നിയമം അയര്‍ലണ്ടിനും ബാധകം

ഡബ്ലിന്‍: അനധികൃത കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കുടിയേറ്റ പരിഷ്‌കരണ നിയമം അടുത്ത മാര്‍ച്ച് ആകുന്നതോടെ യു.എസ് കോണ്‍ഗ്രസ്സിന്റെ പരിഗണനക്ക് എത്തും. യു.എസ്സിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍തക്ക ശക്തമായ ഭേദഗതിയായിരിക്കും ഈ നിയമം എന്ന് പറയപ്പെടുന്നു. ഈ വിഷയത്തില്‍ യു.എസ്സും അയര്‍ലണ്ടും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും വരാനിരിക്കുന്ന നിയമം കുടിയേറ്റ വിഷയത്തിലെ യു.എസ്സിന്റെ അന്തിമ തീരുമാനം ആയിരിക്കും.

യൂറോപ്പില്‍ നിന്നും അനധികൃത കുടിയേറ്റ വിഭാഗത്തില്‍പ്പെടുന്നവര്‍ ധാരാളമായി യു.എസ്സില്‍ ഉണ്ട്. അയര്‍ലണ്ടില്‍ നിന്നും ഏകദേശം 50,000 കുടിയേറ്റക്കാര്‍ ആണ് യു.എസ്സില്‍ ഉള്ളതെന്നാണ് ഇമ്മിഗ്രെഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റ നിയമങ്ങള്‍ ശക്തമായി തുടരുമ്പോഴും ഐറിഷ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികള്‍ യു.എസ് കൈക്കൊണ്ടിരുന്നില്ല.

യു.എസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടത് ഐറിഷ് കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വ്യാജപ്രചരണം ശക്തമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത നടപടികള്‍ യു.എസ് ഭരണകൂടം കൈക്കൊണ്ടിരുന്നില്ല. ഐറിഷ് കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സൈമണ്‍ കോവെനി യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വരികയായിരുന്നു.

കുടിയേറ്റക്കാരെ യു.എസ്സില്‍ തന്നെ തുടരാന്‍ അനുവദിക്കുന്ന നിയമം കൈക്കൊള്ളണമെന്ന് യു.എസ്സുമായുള്ള ചര്‍ച്ചക്കിടയില്‍ കൊവിനി എടുത്തു പറഞ്ഞിരുന്നു. അയര്‍ലണ്ടുകാരെ സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റ നിയമം ആയിരിക്കും യു.എസ് കോണ്‍ഗ്രസ്സ് കൊണ്ട് വരുന്നത് എന്ന ധാരണയാണ് ഐറിഷ് രാഷ്ട്രീയ നേതൃത്വം വിലയിരുത്തുന്നത്. കുട്ടികള്‍ ആയിരിക്കുമ്പോള്‍ തന്നെ യു.എസ്സില്‍ എത്തിയ കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന ഡി.എ.സി.എ നിയമം വേണ്ട വിധത്തില്‍ പരിഷ്‌കരിച്ച് അനധികൃത കുടിയേറ്റ വിഷയത്തില്‍ ഉറച്ച തീരുമാനം വേണമെന്ന് യു.എസ് പ്രസിഡന്റ് കോണ്‍ഗ്രസ്സില്‍ തീര്‍ത്ത് പറഞ്ഞിരുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: