ഡബ്ലിനില്‍ വന്‍ പ്രതിഷേധവുമായി ഇന്ന് വിദ്യാര്‍ത്ഥി സമരം

ഡബ്ലിന്‍: തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂണിയന്‍ ഓഫ് സ്റ്റുഡന്റസ് ഇന്‍ അയര്‍ലണ്ട് (യു.എസ്.ഐ) സംഘടിപ്പിക്കുന്ന സമരം ഡബ്ലിനില്‍. ഐറിഷ് കോളേജുകള്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. രാജ്യത്തെ കോളേജുകളില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിന് ഈടാക്കുന്ന വന്‍ തുക വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ബാധ്യതയായി തീരുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലോണ്‍ സ്‌കീമില്‍ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

പതിനായിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന സമരം ഇന്ന് ഒരുമണിയോടെ മെറിയോണ്‍ സ്‌ക്വയറില്‍ അരങ്ങേറും. തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 3000 യൂറോ മുതല്‍ 5000 യൂറോ വരെയാണ് ഒരു വര്‍ഷത്തെ ഫീസ് നിരക്കുകള്‍. ലോണ്‍ സ്‌കീം നല്‍കി ഉയര്‍ന്ന പലിശ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമ്പത്തികമായി വളരുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് 20,000 യൂറോ എങ്കിലും കടബാധ്യത വരുത്തി വെയ്ക്കുന്നു.

സുതാര്യമായ ലോണ്‍ സമ്പ്രദായം ആവിഷ്‌കരിച്ചുകൊണ്ട് കുറഞ്ഞ പലിശ നിരക്കില്‍ പഠിക്കാന്‍ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതിന് വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ നിക്ഷേപം നടത്തുകയാണ് വേണ്ടത്. ഫീസ് വര്‍ധിപ്പിക്കാതെ പഠന സൗകര്യം നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് കോളേജ് മാനേജ്മെന്റുകള്‍ ഉന്നയിക്കുന്നത്.

വിദ്യാഭ്യാസ ചെലവിനോടൊപ്പം താമസം, ഭക്ഷണം തുടങ്ങിയ ചെലവുകളും താങ്ങാന്‍ കഴിയുന്നില്ലെന്ന് തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെടുന്നു. അതിനിടയില്‍ കുത്തനെ ഉയരുന്ന വാടക നിരക്കും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. വരാനിരിക്കുന്ന ബഡ്ജറ്റില്‍ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം വേണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: