‘മലയാളം’ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു ;ചിത്രകലാ പ്രദര്‍ശനം പുതിയ അനുഭവമായി

കലാ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ നേതൃത്വത്തില്‍ വിജയദശമി ദിനത്തില്‍ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങില്‍ സ്ലൈഗൊ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സയന്റിസ്‌റ് ഡോക്ടര്‍ സുരേഷ് സി. പിള്ള കുട്ടികള്‍ക്ക് ആദ്യാക്ഷരങ്ങളുടെ മധുരം പകര്‍ന്നു നല്‍കി .പത്താമത്തെ വര്‍ഷമാണ് ‘മലയാളം’ ഐര്‍ലണ്ടില്‍ വിദ്യാരംഭം സംഘടിപ്പിക്കുന്നത് . തികച്ചും കേരളിയ പരമ്പരാഗത രീതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാള തനിമ ഒട്ടും ചോര്‍ന്നു പോകാതെ കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു .ബിനു കെ.പി യുടെ മംഗള സ്തുതിയോടെ പരിപാടി ആരംഭിച്ചു .

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ സുരേഷ് സി പിള്ള യും, മലയാളത്തിന്റെ മുന്‍ സെക്ക്രട്ടറി രാജന്‍ ദേവസ്യായും, പ്രസിഡന്റ് പ്രദീപ് ചന്ദ്രനും, സെക്രട്ടറി അലക്‌സ് ജേക്കബും പ്രസംഗിച്ചു .തുടര്‍ന്നു കഴിഞ്ഞ വര്ഷം ജൂനിയര്‍, ലീവിങ് സെര്‍ട്ട് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ‘മലയാളം’ പ്രത്യേകം രൂപകല്പന ചെയ്ത മോമെന്റോയും, ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഗോള്‍ഡ് കോയിനും സമ്മാനിച്ചു .ലിവിങ് സെര്‍ട്ടില്‍ ഡെസ് ലിറ്റ് തെരേസ ജോര്‍ജും, ക്ലോഡിയ റെജിയും, ദിവ്യ സണ്ണിയും ആണ് ആദ്യമൂന്ന് സ്ഥാനങ്ങളില്‍ വന്നത് . ജൂനിയര്‍ സെര്‍ട്ടില്‍ ഹണി ജോസും ,അര്‍ബിറ്റ് ലിസ് ജെയ്‌സണും ,അമലേന്ദു മനോരഞ്ചനും11 ഇല്‍ 11 A പ്ലസും നേടി അവാര്‍ഡുകള്‍ കരസ്ഥമാക്കി . സംഘടനയുടെ സജീവ പ്രവര്‍ത്തകരുടെ മക്കളായ ബ്രോണ പെരേപ്പാടനും, അഭിരാം അജിത്തും നേടിയ ഉന്നത വിജയത്തിനെയും ‘മലയാളം’ പ്രത്യേകം ആദരിച്ചു.

ലുകന്‍ പാല്‍മെര്‍സ്ടൗണിലുള്ള സെയിന്റ് ലോര്‍കന്‍സ് ബോയ്‌സ് സ്‌കൂള്‍ ഹാളിലാണ് പരിപാടികള്‍ നടന്നത് .

വിദ്യാരംഭച്ചടങ്ങിനു മുന്‍പ് നടന്ന കുട്ടികളുടെ ചിത്രപ്രദര്‍ശനം അയര്‍ലണ്ടിലെ മലയാളികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി . കുട്ടികള്‍ വരച്ചു കൊണ്ട് വന്ന വൈവിധ്യവും മനോഹരവുമായ പലതരത്തിലുള്ള ചിത്രങ്ങള്‍ സ്‌കൂള്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു .കുട്ടികളിലെ അസാധാരണമായ കലാവൈഭവവും ഭാവനയും വിളിച്ചോതുന്നതായിരുന്നു ഭൂരിഭാഗം ചിത്രങ്ങളും . തുടര്‍ന്ന് നടന്ന ഡ്രോയിങ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ മരിയ റോസ് ബിജുവും, ജൂനിയര്‍ വിഭാഗത്തില്‍ എസിലിന്‍ ബീയിങ്ങ്‌സും ഒന്നാം സ്ഥാനം നേടി .പങ്കെടുത്തെ എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി .വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്‌സിബിഷന്‍ നടത്തുവാന്‍’ മലയാളം ‘തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: