നേഴ്സുമാരുടെ ശമ്പളവര്‍ധനവ് 25 ശതമാനം മാത്രമെന്ന് ആശുപത്രി മാനേജ്മെന്റുകള്‍

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ശമ്പളവര്‍ധനവ് സര്‍ക്കാര്‍ നിര്‍ദേശത്തിനനുസരിച്ച് നടപ്പാക്കാന്‍ കഴിയില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് തൊഴില്‍ വകുപ്പിന് കീഴില്‍ രൂപീകരിക്കപ്പെട്ട വ്യവസായ ബന്ധസമിതി യോഗത്തിലാണ് മാനേജ്മെന്റുകള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്നത്തില്‍ ഇടപെടുകയും നേഴ്സുമാര്‍ക്ക് സുപ്രിംകോടതി നിര്‍ദേശപ്രകാരം അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

50 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാനും കൂടുതല്‍ വലിയ ആശുപത്രികള്‍ അതിന് അനുസൃതമായി ശമ്പളം നല്‍കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കാനുംനേഴ്സുമാരുടെ പ്രശ്നങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും പഠിക്കാനും തൊഴില്‍, ആരോഗ്യ,നിയമ വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളായിട്ടുള്ള പ്രത്യേക സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാന്‍ പറ്റില്ലെന്നാണ് ഇന്ന് ചേര്‍ന്ന തൊഴില്‍ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധസമിതി യോഗത്തില്‍ ലേബര്‍ കമ്മീഷണറെ ആശുപത്രി മാനേജ്മെന്റുകള്‍ അറിയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ശമ്പളവര്‍ധനവ് ഒരുകാരണവശാലും നടപ്പാക്കാനാകില്ലെന്നും നേഴ്സുമാര്‍ക്ക് പരമാവധി 25 ശതമാനം മാത്രമേ ശമ്പളവര്‍ധനവ് നല്‍കാനാകൂവെന്നുമാണ് മാനേജ്മെന്റുകള്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഇന്ന് ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. 19 ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

മാനേജ്മെന്റുകള്‍ ഇന്ന് യോഗത്തില്‍ കൈക്കൊണ്ട നിഷേധാത്മക നിലപാടിന്റെ അടിസ്ഥാനത്തില്‍ സമരം ആരംഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിന് കാക്കുകയാണെന്നും നേഴ്സുമാരുടെ സംഘടന അറിയിച്ചു. 19 ന് വീണ്ടും ചേരുന്ന വ്യവസായ ബന്ധസമിതി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നു നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ നേഴ്സുമാരുടെ സംഘടനാ നേതാക്കള്‍ അറിയിച്ചു. ഇതേസമയം, 19 ന് ചേരുന്ന യോഗത്തിലും സമവായമുണ്ടായില്ലെങ്കില്‍ ലേബര്‍ കമ്മീഷണര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച നിലയില്‍ ശമ്പളവര്‍ധനവ് ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ഇതനുസരിച്ച് വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കുമെന്നുമാണ് വിവരം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: