സംശയകരമായ രീതിയില്‍ പണമിടപാടുകള്‍ നടത്തിയ കമ്പനികള്‍ സംശയ നിഴലില്‍

 

നോട്ട് അസാധുവാക്കലിന് ശേഷം സംശയകരമായ രീതിയില്‍ പണമിടപാടുകള്‍ നടത്തിയ 5,800 കമ്പനികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ നല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍. 13 ബാങ്കുകളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചത്. ഈ കമ്പനികളുടെ കൈവശമുള്ള 13,140 ബാങ്ക് എക്കൗണ്ടുകള്‍ വഴി 4,574 കോടി രൂപയാണ് നോട്ട് അസാധുവാക്കലിന് ശേഷം നിക്ഷേപിച്ചത്. മാത്രമല്ല ആ കാലയളവില്‍ ഈ എക്കൗണ്ടുകളില്‍ നിന്ന് 4,552 കോടി രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 2,09,032 കമ്പനികളുടെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഈ കമ്പനികളുടെ ബാങ്ക് എക്കൗണ്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. സംശയകരമായി ഇടപാടുകള്‍ നടത്തുന്നതായി കരുതുന്ന ചില കമ്പനികളുടെ പേരില്‍ നൂറിലധികം ബാങ്ക് എക്കൗണ്ടുകള്‍ വരെയുണ്ട്. ഒരു കമ്പനിയുടെ പേരില്‍ 2,134 എക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച 2016 നവംബര്‍ 8 വരെ ഈ കമ്പനികളുടെയെല്ലാം കൂടി എക്കൗണ്ടില്‍ 22.05 കോടി രൂപ വരെ മാത്രമേ ഉണ്ടായിരുന്നുവുള്ളൂവെന്നാണ് ബാങ്കുകള്‍ നല്‍കുന്ന ഡാറ്റ വ്യക്തമാക്കുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഈ എക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 4,573.87 കോടി രൂപയായി. പിന്നീട് ഇതില്‍ നിന്ന് 4,552 കോടി രൂപ പിന്‍വലിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് വരെ ഈ കമ്പനികള്‍ എക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ചില കമ്പനികള്‍ അതിന് ശേഷവും നിക്ഷേപവും പിന്‍വലിക്കലും നടത്തിയിട്ടുണ്ട്. ഒന്നിലധികം എക്കൗണ്ടുകളുള്ള 3,000 ല്‍ കൂടുതല്‍ കമ്പനികളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം തന്നെ അനധികൃതമായി നിക്ഷേപങ്ങളും പിന്‍വലിക്കലുകളും നടന്നതായാണ് വിലയിരുത്തുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: