2070 ആകുന്നതോടെ ഇസ്ലാം ലോകം കീഴടക്കും

ഡബ്ലിന്‍: ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. മുസ്ലിം മതത്തിന്റെ വളര്‍ച്ചാ നിരക്ക് കണക്കാക്കുമ്പോള്‍ 2070 ആകുന്നതോടെ ക്രിസ്തുമതത്തെ പിന്തള്ളി ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതം ആയി മാറും. ഇസ്ലാംമതത്തിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയെന്ന് ഇതിന് മുന്‍പ് പുറത്ത് വന്ന ചില പഠനഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണ് വാഷിങ്ടണിലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന ഫലം. ഇതനുസരിച്ച് 2070-ല്‍ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പ്രവചനം.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിനെ ഔദ്യോഗിക മതമാക്കിയത് വെറും 13 രാജ്യങ്ങള്‍ മാത്രമാണെന്നും എന്നാല്‍ അതേ സമയം ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടത് 27 രാജ്യങ്ങളിലാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഹിന്ദുമതമാകട്ടെ നേപ്പാളില്‍ മാത്രമാണ് ഔദ്യോഗിക മതം. അതേ സമയം 40 രാജ്യങ്ങള്‍ അനൗദ്യോഗികമായി ഒരു പ്രത്യേക മതത്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതില്‍ 28 രാജ്യങ്ങള്‍ നിയമപരമായോ അല്ലെങ്കില്‍ സാമ്പത്തികപരമായോ ക്രൈസ്തവമതത്തെ അനുകൂലിച്ചാണ് നിലകൊള്ളുന്നത്.

പുതിയ പഠനത്തില്‍ ലോകമാകമാനമുള്ള 199 രാജ്യങ്ങളെയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 43 രാജ്യങ്ങള്‍ക്കാണ് ഔദ്യോഗിക മതമുള്ളത്. 40 എണ്ണം ഒരു മതത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. എന്നാല്‍ യുഎസ് അടക്കമുള്ള 106 രാജ്യങ്ങള്‍ ഒരു മതത്തിനും യാതൊരു വിധത്തിലുമുള്ള മുന്‍ഗണനയും നല്‍കുന്നില്ല. പത്ത് രാജ്യങ്ങള്‍ യാതൊരു വിധത്തിലുമുള്ള മതത്തെയും ഇഷ്ടപ്പെടുന്നുമില്ല. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോ അല്ലെങ്കില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായി തുടരുന്നവയോ ആണ് ഇക്കൂട്ടത്തില്‍ പെടുന്നത്. ചൈന, ക്യൂബ, നോര്‍ത്ത് കൊറിയ, വിയറ്റ്‌നാം, നിരവധി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തുടങ്ങിവയ ഇവക്ക് ഉദാഹരണങ്ങളാണ്.

ഇന്നത്തെ വളര്‍ച്ചാതോത് തുടര്‍ന്നാല്‍ 2070 ആകുമ്പോഴേക്കും വളര്‍ച്ചയുടെ കാര്യത്തില്‍ ഇസ്ലാം മതം ക്രിസ്തുമതത്തെ മറികടക്കുമെന്നും പ്യൂറിസര്‍ച്ച് വെളിപ്പെടുത്തുന്നു. ആദ്യം ലോക ജനസംഖ്യയുടെ കാര്യത്തില്‍ ഇരു മതങ്ങളും ഒപ്പത്തിനൊപ്പമെത്തുകയും തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇസ്ലാം ക്രിസ്തുമത്തതെ മറികടക്കുകയുമാണ് ചെയ്യുന്നത്. അതായത് 2070ല്‍ ഇരു മതങ്ങളും ലോക ജനസംഖ്യയുടെ 32 ശതമാനം വീതമായിരിക്കുമുണ്ടാവുക.

നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവടക്കമുള്ള ചില പ്രദേശങ്ങളില്‍ മുസ്ലിം ജനസംഖ്യ പെരുകാന്‍ കുടിയേറ്റം പ്രധാന കരണമായിത്തീര്‍ന്നിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാമാണെന്നും പ്യൂ വിശകലനം വെളിപ്പെടുത്തുന്നു.2010-ലെ കണക്കനുസരിച്ച് 1.6 ബില്യണ്‍ മുസ്ലീങ്ങളാണ് ലോകത്തിലുണ്ടായിരുന്നത്. അതായത് ലോക ജനസംഖ്യയുടെ 23 ശതമാനമാണിത്. എന്നാല്‍ ക്രിസ്ത്യാനികള്‍ 2.2 ബില്യണ്‍ പേരാണുള്ളത്. ആഗോള ജനസംഖ്യയുടെ 31 ശതമാനം മാത്രമാണിത്.

മുസ്ലീങ്ങള്‍ക്ക് മറ്റ് മതക്കാരേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പിറക്കുന്നത് മതം വളരുന്നതിന് മറ്റൊരു കാരണമായി ഗവേഷകര്‍ എടുത്തുകാട്ടുന്നു. ഇതനുസരിച്ച് ഓരോ മുസ്ലിം സ്ത്രീക്കും ശരാശരി 3.1 കുട്ടികളാണുള്ളത്. എന്നാല്‍ മറ്റെല്ലാ വിഭാഗങ്ങളെയും കൂടി പരിഗണിച്ചാല്‍ തന്നെ അവര്‍ക്ക് വെറും 2.3 കുട്ടികളാണുള്ളത്.

ലോകത്തിലെ 62ശതമാനം മുസ്ലീങ്ങളും ഏഷ്യപസിഫിക്കിലാണ് ജീവിക്കുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, തുര്‍ക്കി, തുടങ്ങിയ രാജ്യങ്ങളിലാണ് മുസ്ലീങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. നിലവില്‍ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യം.

ഡി കെ

 

Share this news

Leave a Reply

%d bloggers like this: