സമ്മതമില്ലാതെ ക്ലാസില്‍ നിന്നും എഴുന്നേറ്റതിന് അദ്ധ്യാപകന്‍ മര്‍ദ്ദിച്ചു; അഞ്ചാം ക്ലാസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

 

അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അഞ്ചാം ക്ലാസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. സഫന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപകന്റെ ആക്രമത്തിന് ഇരയായത്. മുസഫര്‍ നഗറിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് അദ്ധ്യാപകനെതിരെയും സ്‌കൂള്‍ മാനേജ്മെന്റിനുമെതിരെ പൊലീസില്‍ പരാതി നല്‍കി.

അദ്ധ്യാപകന്റെ സമ്മതമില്ലാതെ കുട്ടി ക്ലാസില്‍ നിന്നും എഴുന്നേറ്റ് മറ്റൊരു കുട്ടിക്ക് നോട്ട് കൊടുത്തതിനാണ് അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. വൈകുന്നേരം വീട്ടില്‍ എത്തിയപ്പോള്‍ മാതാപിതാക്കളോടാണ് കുട്ടി തന്റെ വലത്തേകണ്ണിന്റെ കാഴ്ച മങ്ങുന്നു എന്നു പറഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയി. ഡോക്ടറാണ് കുട്ടിയുടെ 90 ശതമാനം കാഴ്ചയും നഷ്ടപ്പെട്ടതായി പറഞ്ഞത്.

നല്ല വിദ്യാഭ്യാസം ലഭിക്കും എന്നും കരുതിയാണ് കുട്ടികളെ പണം കൊടുത്ത് പഠിപ്പിക്കുന്നത്. എന്നാല്‍ അദ്ധ്യാപകര്‍ ഇങ്ങനെ പെരുമാറിയാല്‍ എന്തു വിശ്വസിച്ചാണ് കുട്ടികളെ സ്‌കൂളില്‍ അയക്കുക എന്ന് സഫന്റെ പിതാവ് റിസ്വാന്‍ ഖാന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ ചോദിക്കുന്നു.

തങ്ങളുടെ കൈയ്യില്‍ ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും അതുകൊണ്ട് അദ്ധ്യാപകനെതിരെ എത്രയും പെട്ടെന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റിസ്വാന്‍ ഖാന്റെ വക്കീല്‍ ഉസ്മാന്‍ സിദ്ധിക്കി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എ എം

 

Share this news

Leave a Reply

%d bloggers like this: