ഹോട്ടല്‍ ഭക്ഷണം വൃത്തിഹീനം: ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ച പരാതികളില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: ഹോട്ടല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഐറിഷ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ചത് 3202 പരാതികള്‍. ശുചിത്വമില്ലാത്ത ഭക്ഷണമാണ് പല ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നത്. ഹോട്ടല്‍ പരിസരങ്ങള്‍ക്കും വേണ്ടത്ര ശുചിത്വമില്ലായ്മ കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.

ഒരു തവണ അടപ്പിക്കല്‍ ഭീഷണി നേരിട്ട ഹോട്ടലുകള്‍ വീണ്ടും ഇതേ കുറ്റത്തിന് പൂട്ടേണ്ടി വരുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. റെസ്റ്റോറന്റുകളില്‍ പാറ്റ, എലി, മറ്റു ചെറുപ്രാണികളും സ്ഥിര സാന്നിധ്യമായി മാറുകയാണ്. ഉപഭോക്താക്കള്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ഇല്ലാത്ത റെസ്റ്റോറന്റുകളും അയര്‍ലണ്ടില്‍ ഉണ്ട്.

ആവശ്യത്തിന് വെള്ളമോ, ഉപയോഗത്തിന് വൃത്തിയുള്ള ടോയിലറ്റുകളും ഇല്ലാത്ത ഹോട്ടലുകളും അടച്ചു പൂട്ടിയവയില്‍ ഉള്‍പ്പെടുന്നു. ശുചീകരണമില്ലായ്മയും ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതുമായ ഹോട്ടലുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഭക്ഷണങ്ങളില്‍ മായം ചേര്‍ക്കുന്ന ഹോട്ടലുകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട കേസുകളും റിപ്പോര്‍ട്ട് ചെയ്യപെട്ടുകൊണ്ടിരിക്കുകയാണ്.

ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത രാസവസ്തുക്കള്‍ കണ്ടെത്തിയതിന് മാത്രം നൂറില്‍ പരം ഭക്ഷണശാലകള്‍ക്കാണ് ഈ വര്‍ഷം പൂട്ട് വീണിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ അനുസരിച്ച് ഹോട്ടലുകളില്‍ നടത്തുന്ന പരിശോധനകളില്‍ ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ ഉള്‍പ്പെടെ വന്‍ കുറ്റകൃത്യങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. തുടര്‍ച്ചയായ ഉപയോഗത്തിലൂടെ ആന്തരാവയവങ്ങള്‍ക്ക് ക്ഷതമുണ്ടാകൂന്ന മാരക രാസ വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഞെട്ടല്‍ ഉളവാക്കി. ഏതു തരത്തിലുള്ള പരാതികളും അധികം വൈകാതെ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്ന് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദ്ദേശിക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: