ഒഫീലിയ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍; 360,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു; സ്‌കൂളുകള്‍ ഇന്നും അടഞ്ഞ് കിടക്കും

 

ഒഫീലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഇതു വരെ മൂന്നു പേര്‍ മരിച്ചു. 80 മുതല്‍ 130 കി.മി സ്പീഡിലാണ് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാര്‍ മറിഞ്ഞ് ഒരു സ്ത്രീയും മരം കടപുഴകി വീണ് രണ്ട് പുരുഷന്മാരും മരണമടഞ്ഞു. കൊടുങ്കാറ്റിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കൂളുകളുടെയും സ്റ്റേഡിയങ്ങളുടെയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നു പോയി. നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈവേകളില്‍ ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടായി. പല റോഡുകളിലും സ്പീഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിനു വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം തടസപ്പെട്ടു. അന്തരീക്ഷത്തില്‍ പൊടി നിറഞ്ഞതിനാല്‍ യുകെയുടെ പല ഭാഗങ്ങളിലും ആകാശം ചുവപ്പ് നിറമായി മാറി. അയര്‍ലണ്ടില്‍ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്കി. നാളെയും സ്‌കൂളുകള്‍ക്ക് അയര്‍ലണ്ട് എഡ്യൂക്കേഷന്‍ മിനിസ്റ്റര്‍ അവധി നല്കിയിരിക്കുകയാണ്.

ഒഫെലിയ കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് വിമാനസര്‍വീസുകളിലും റോഡ് ഗതാഗതത്തിലും വ്യാപകമായ പ്രതിസന്ധികളും തടസങ്ങളുമാണുണ്ടായിരിക്കുന്നത്. ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ ഡബ്ലിനില്‍ വിമാനങ്ങള്‍ താഴ്ന്നത് ഭയാനകമായ രീതിയിലാണെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍വേകളില്‍ ഗതാഗത കുരുക്ക് പലയിടത്തും രൂക്ഷമായി തുടരുന്നുമുണ്ട്. ഈ അവസരത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ലിന്‍ഗുസ് ഫ്ലൈറ്റ് ഇഎല്‍491 വിമാനം ഇറങ്ങുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

ലാന്‍ഡിംഗിനിടെ ഈ വിമാനം ആടുകയും ഒരു വശത്തേക്ക് ചെരിയുകയും ചെയ്തിരുന്നു. പ്രസ്ഓഫീസറായ സീന്‍ ഹാസെറ്റാണീ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രസ്തുത വിമാനത്തില്‍ വന്നിറങ്ങാനിരുന്ന തന്റെ മാതാപിതാക്കളെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.22ന് വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തിരുന്നു. കാബിനില്‍ നിന്നും പുകയുടെ മണം ഉയരുന്നുവെന്ന് യാത്രക്കാരും ക്രൂവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ അടിയന്തിര ലാന്‍ഡിംഗിന് വിധേയമായിരുന്നു.

 

 

Share this news

Leave a Reply

%d bloggers like this: