ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കണം: ആര്‍ബിഐ

ആധാര്‍ നമ്പര്‍ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് ആര്‍ബിഐ പുറത്തിറക്കിയിട്ടില്ലെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തികൊണ്ട് കേന്ദ്ര ബാങ്ക് പ്രസ്താവനയിറക്കിയത്. ആധാറും ബാങ്ക് എക്കൗണ്ടും ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് ആര്‍ബിഐ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമ പ്രകാരം അറിയാന്‍ സാധിച്ചത് എന്നായിരുന്നു മാധ്യമങ്ങള്‍ കഴിഞ്ഞാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്.

എന്നാല്‍, 2017 ജൂണ്‍ ഒന്നിന് ഔദ്യോഗികമായി പരസ്യപ്പെടുത്തിയ കള്ളപ്പണം തടയല്‍ നിയമത്തിന്റെ രണ്ടാം ഭേദഗതി പ്രകാരം ആധാര്‍ നമ്പര്‍ ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് ആര്‍ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കാതെ ബാങ്കുകള്‍ ഇത് നടപ്പാക്കി തുടങ്ങണമെന്നും ആര്‍ബിഐ അറിയിച്ചു. ബാങ്ക് എക്കൗണ്ടുകള്‍ തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. 50,000നും അതിനു മുകളിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ബാങ്ക് എക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 ആണ്. അല്ലാത്തപക്ഷം ബാങ്ക് എക്കൗണ്ട് മരവിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം, ആധാറും ബാങ്ക് എക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര ബാങ്ക് തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകയായ കല്യാണി മോനോന്‍ സെന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആധാറും സ്വകാര്യതയുമായി ബന്ധപ്പെട്ട് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസുകളെ ബലപ്പെടുത്തുന്നതാണ് പുതിയ ഹര്‍ജി. മൊബീല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കാണിച്ച് മാര്‍ച്ച് 23ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ സാധുതയും കല്യാണി മേനോന്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഭരണഘടനാവിരുദ്ധമാണ് രണ്ട് തീരുമാനങ്ങങ്ങളുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശം ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തില്‍ അടങ്ങിയതാണെന്ന് ഓഗസ്റ്റില്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. ബയോമെട്രിക് വിവരങ്ങള്‍ക്കുമേല്‍ ഓരോ വ്യക്തിക്കുമുള്ള അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കേന്ദ്ര ബാങ്കിന്റെയും ടെലികോം വകുപ്പിന്റെയും തീരുമാനങ്ങളെന്നും കല്യാണി സെന്‍ ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജിയില്‍ അടുത്താഴ്ച സുപ്രീം കോടതി വാദം കേള്‍ക്കും.

 

എ എം

Share this news

Leave a Reply

%d bloggers like this: