മേക്കപ്പ് കൂടുന്നത് ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ അമിത മേക്കപ്പ് വസ്തുക്കള്‍ പരമാവധി ഒഴിവാക്കണമെന്ന് ഗവേഷകര്‍. ഗര്‍ഭാവസ്ഥയിലെ ആദ്യ മൂന്നു മാസക്കാലയളവിലാണ് ആന്റി- മാര്‍ക്ക് ക്രീമുകളുള്‍പ്പെടെയുള്ള കോസ്മെറ്റിക് വസ്തുക്കള്‍ ഒഴിവാക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലിപ്സ്റ്റിക്, ലിപ് ബാം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഒഴിവാക്കേണ്ട പട്ടികയിലുണ്ട്. നര്‍ച്ചര്‍ ഐവിഎഫ് സെന്ററിലെ ഗൈനക്കോളജിസ്റ്റും ഫിസിഷ്യനുമായ അര്‍ച്ചന ധവാന്‍ ബജാജ്, ആകാശ് ഹെല്‍ത്ത് കെയര്‍ സെന്റ്റിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് തരുണ ദുവ എന്നിവര്‍ ചേര്‍ന്ന് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട മേക്കപ്പ് വസ്തുക്കളുടെ ഒരു നീണ്ട നിരതന്നെ തയാറാക്കിയിട്ടുണ്ട്.

ലിപ് ഗ്ലോസ്, ലിപ്സ്റ്റിക്, ലിപ് ബാം, ഐ ലൈനര്‍, മസ്‌കാര, ഡിയോഡറന്റുകള്‍, ഫൗണ്ടേഷന്‍, നെയില്‍ പോളിഷ്, ടാല്‍കം പൗഡര്‍, അനാവശ്യരോമം നീക്കാനുള്ള ക്രീമുകള്‍, ഹെയര്‍ ഡൈ എന്നിവ അപകടകരമാണ്. ഇത്തരം വസ്തുക്കള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും ഗര്‍മഭമലസല്‍, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കു കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ശരീരത്തിലും മുഖത്തും പാടുകള്‍ മാറ്റാനുളള ക്രീമുകളും ജെല്ലുകളും ഏറ്റവും അപകാരികളാണെന്നാണ് നിര്‍ദേശം. ഇത്തരം വസ്തുക്കള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തെത്തന്നെ ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

സോപ്പിലും ഷാംപുവിലും അടങ്ങിയിരിക്കുന്ന പാരബിന്‍സ് എന്ന പ്രിസര്‍വേറ്റിവുകള്‍ ബാക്ടീരിയയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്നതിനുളള സംരക്ഷണ കവചമാണ്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ഗര്‍ഭിണികളെ ദോഷകരമായി ബാധിക്കും. സോപ്പിലും മറ്റ് സൗന്ദര്യ സംരക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ട്രൈക്ലോസാന്‍, ട്രൈക്ലോ കാര്‍ബണ്‍ പോലെയുള്ള ആന്റിമൈക്രോബിയല്‍ ഏജന്റുകളും ശരീരത്തിന് ദോഷം ചെയ്യുമെന്നു ഡോക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ്, സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ബാഷ്പീകൃതമാകുന്ന ഓര്‍ഗാനിക് പദാര്‍ത്ഥങ്ങള്‍ എന്നിവ കുട്ടിയുടെ ജനന വൈകല്യങ്ങള്‍ക്കു കാരണമായേക്കാം. നെയില്‍ പോളിഷില്‍ നഖത്തിന്റെ തിളക്കത്തിനായി ചേര്‍ക്കുന്ന ടൊളുവിന്‍ എന്ന രാസപദാര്‍ത്ഥം മനുഷ്യ ശരീരത്തിലെ കേന്ദ്ര നാഡിവ്യവസ്ഥയെ സാരമായി ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒട്ടുമിക്ക സൗന്ദര്യ വര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് ഫ്ത്താലൈറ്റ്സുകള്‍. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കുന്നതിനൊപ്പം ഗര്‍ഭധാരണത്തെ ബാധിക്കാനും കാരണമാകുന്നു. മാത്രമല്ല മുലപ്പാല്‍ കുറയുന്നതിന് ഇവ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.

ഓക്സി ബെന്‍സോണ്‍ (ബെന്‍സോ ഫീനോണ്‍), ഓക്റ്റിനോസേറ്റ്, ഹോമോസാലൈറ്റ് എന്നിവ ഒട്ടുമിക്ക സണ്‍സ്‌ക്രീനുകളിലും ലിപ്പ് ബാമിലും എസ്പിഎഫ് അടങ്ങിയ ക്രീമുകളിലും ലോഷനുകളിലും അടങ്ങിയിട്ടുണ്ട്. ഇവ എന്‍ഡോമെട്രിയോസിസിനു കാരണമാവുകയും പ്രത്യുല്പ്പാദന സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യ രംഗത്തെ പ്രമുഖര്‍ വ്യക്തമാക്കുന്നു.

 

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: