ജനപ്രിയ സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു…നിറകണ്ണുകളോടെ തെന്നിന്ത്യന്‍ സിനിമാലോകം

ചെന്നൈ: പ്രമുഖ സംവിധായകന്‍ ഐ വി ശശി അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം, 69 വയസ്സായിരുന്നു. കാന്‍സറിന് ചികിത്സയിലായിരെക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജനപ്രിയ സംവിധായകനാണ് ഐ.വി ശശി.

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് എന്ന അംഗീകാരവും ഈ കലാകാരന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ദേശീയ പുരസ്‌കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. 1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം.

1982-ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ സംവിധാന ജീവിതത്തിലെ പൊന്‍തൂവലുകളാണ്.

ഉത്സവമാണ് ആദ്യചിത്രമെങ്കിലും അവളുടെ രാവുകളിലൂടെയാണ് മലയാളത്തിലെ വിലയേറിയ സംവിധായകനായി അദ്ദേഹം മാറിയത്. ജീവിത പങ്കാളിയായ അഭിനേത്രി സീമയെ കണ്ടുമുട്ടിയതും അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്. മക്കള്‍: അനു, അനി. ബ്ലോക്ക് ബസ്റ്ററുകളുടെ തോഴനായാണ് ഐ വി ശശിയെ മലയാള സിനിമാ ലോകം ഓര്‍മ്മിക്കുന്നത്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: