ഷെറിന്റെ മരണം കൊലപാതകം? കാറില്‍ നിര്‍ണായക തെളിവ്… വളര്‍ത്തച്ഛന്‍ കീഴടങ്ങി

 

അമേരിക്കയിലെ ടെക്സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റേത് കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷെറിനെ കാണാതായതിനെക്കുറിച്ച് നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.
കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും പരിക്കേറ്റിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെസ്ലി മാത്യുവിന്റെ കാറില്‍നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച പോലീസിന് കുട്ടിയുടേത് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. കുട്ടിയെ വീടിനു പുറത്തുനിര്‍ത്തിയതിന്റെ പേരില്‍ വെസ്ലി മാത്യൂസിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

ബിഹാറിലെ സന്നദ്ധസംഘടനയായ മദര്‍ തെരേസ അനദ് സേവാ സന്‍സ്താനില്‍നിന്ന് ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. കഴിഞ്ഞവര്‍ഷം ജൂണ്‍ 23-നാണ് എറണാകുളം സ്വദേശിയായ വെസ്ലി മാത്യുവും കുടുംബവും കുട്ടിയെ ദത്തെടുത്തത്.

ഒക്ടോബര്‍ ഏഴ് ശനിയാഴ്ചയാണ്  ഷെറിനെ കാണാതായത്. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പാല്‍ കുടിക്കാന്‍ വിസമ്മതിച്ച കുഞ്ഞിനെ ശിക്ഷിക്കാന്‍ വീടിന് പിന്നാമ്പുറത്തുള്ള ഒരു മരത്തിന്റെ കീഴെ കൊണ്ടുനിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞ് ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് റിച്ചാര്‍ഡ്സണ്‍ പോലീസിനോട് പറഞ്ഞിരുന്നത്. മാനസിക വളര്‍ച്ച കുറഞ്ഞ കുട്ടിയാണ് ഷെറിന്‍.

കുട്ടിയെ കാണാതായത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നെങ്കിലും പോലീസില്‍ വിവരമറിയിക്കുന്നത് രാവിലെ എട്ടു മണിയ്ക്കാണെന്നതും പോലീസിന് സംശയത്തിനിട നല്‍കിയിരുന്നു. എന്തുകൊണ്ടാണ് അത്രയും താമസിച്ചതെന്ന ചോദ്യത്തിന് വെസ്ലി മാത്യൂസിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. വെസ്ലിയുടെ കാറില്‍ നിന്നും ലഭിച്ച നിര്‍ണായക തെളിവാണ് ഷെറിന്റേത് കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിച്ചത്. കാറില്‍ കാണപ്പെട്ട ഡിഎന്‍എ സാമ്പിളുകള്‍ ഷെറിന്റേതു തന്നെയാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ടു വെസ്ലി പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. അഭിഭാഷകര്‍ക്കൊപ്പമാണ് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. കുട്ടിയെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് നിലവില്‍ വെസ്ലിക്കെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തേ കുട്ടിയെ കാണാതായപ്പോള്‍ നല്‍കിയ മൊഴിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മൊഴിയാണ് വെസ്ലി സ്റ്റേഷനില്‍ കീഴടങ്ങിയപ്പോള്‍ പോലീസിനോട് പറഞ്ഞത്.

ഇയാളുടെ മൊഴിയിലെ ഈ വൈരുദ്ധ്യം തന്നെയാണ് കൊലപാതകമെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നത്. പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു മകളെ തനിച്ച് വീടിന്റെ ഉദ്യാനത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നുവെന്നും ഇതിനു ശേഷമാണ് കാണാതായത് എന്നുമായിരുന്നു വെസ്ലിയുടെ ആദ്യത്തെ മൊഴി. എന്നാല്‍ ഇയാളുടെ രണ്ടാമത്തെ മൊഴിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: