ഒരുകൂട്ടം അദ്ധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കുക: എ.എസ്.ടി.ഐ സമരരംഗത്തേക്ക്

ഡബ്ലിന്‍: പുതുക്കിയ ശമ്പള പരിഷ്‌കരണം അംഗീകരിക്കില്ലെന്ന് സെക്കണ്ടറി അദ്ധ്യാപക സംഘടനകള്‍. ഇതേ തുടര്‍ന്ന് അസോസിയേഷന്‍ ഓഫ് സെക്കണ്ടറി ടീച്ചേര്‍സ് അയര്‍ലന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നതായി സൂചന. ലാന്‍ഡ്സ് ഡൌണ്‍ അഗ്രിമെന്റിന്റെ തുടര്‍ച്ചയായ ശമ്പള പരിഷ്‌കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പില്‍ വരുത്തുന്നത്. ഇതനുസരിച്ച് 2011-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് വാര്‍ഷിക വേതനത്തില്‍ മറ്റുള്ള അദ്ധ്യാപകരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ലഭിക്കുക.

സെക്കണ്ടറി അദ്ധ്യാപകര്‍ക്ക് തുല്യമായ ശമ്പളം അനുവദിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്. 2015-നു ശേഷം ജോലിയില്‍ പ്രവേശിച്ച അദ്ധ്യാപകര്‍ക്ക് അതിന് മുന്‍പ് അദ്ധ്യാപകരായവരെ അപേക്ഷിച്ച് വാര്‍ഷിക ശമ്പളത്തില്‍ 6000 യൂറോയുടെ കുറവ് അനുഭവപ്പെടും. 6 വര്‍ഷം കൂടുമ്പോള്‍ ഇവര്‍ക്ക് നഷ്ടപ്പെടുന്നത് 3000 യൂറോ ആണ്. ഈ അവഗണനക്ക് എതിരെയാണ് സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

എ.എസ്.ടി.ഐ-ക്ക് ഒപ്പം ടീച്ചേര്‍സ് യൂണിയന്‍ ഓഫ് അയര്‍ലന്‍ഡ്, ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളും ശമ്പള പരിഷ്‌കരണം അംഗീകരിച്ചിട്ടില്ല. സംഘടനകള്‍ സംയുക്തമായി ചര്‍ച്ചകള്‍ നടത്തി സമരവുമായി മുന്നോട്ട് പോകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ രംഗത്തേക്ക് മികച്ച അദ്ധ്യാപകരെ ആകര്‍ഷിക്കാന്‍ കഴിയാത്തതിന്റെ പ്രധാന കാരണവും രണ്ട് തരത്തിലുള്ള വേതന നിരക്ക് ആണെന്ന് സംഘടനാ കുറ്റപ്പെടുത്തുന്നു.

സംഘടനകളുടെ ആവശ്യം തത്ക്കാലം അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. സമരം ആരംഭിച്ചാല്‍ ഈ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടനവധി പഠന ദിനങ്ങള്‍ നഷ്ടപ്പെടും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: