പ്രതിസന്ധി കനക്കുന്നു; നിര്‍ണായക കാറ്റലോണിയന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച; സ്വയം ഭരണാവകാശം ആവശ്യപ്പെട്ട് ഇറ്റലിയിലെ നഗരങ്ങളും

 

കാറ്റലോണിയയുടെ സ്വയം നിര്‍ണയാവകാശം പുതിയ പ്രതിസന്ധികളിലേക്ക് വഴിതുറന്നതോടെ വിഷയം ചര്‍ച്ചചെയ്യാന്‍ കാറ്റലന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച ചേരും. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് അടിയന്തര യോഗം. ഔദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്ന് സൂചനയുണ്ട്. പ്രാദേശിക സര്‍ക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സര്‍ക്കാറിന് നേരിട്ട് ഭരണം നടത്താന്‍ അനുമതി നല്‍കുന്ന ഭരണഘടനയിലെ 155ാം വകുപ്പിനെതിരെ നിയമനടപടിയും യോഗം പരിഗണിക്കും. വെള്ളിയാഴ്ച ചേരുന്ന സ്പാനിഷ് സെനറ്റ് കാറ്റലോണിയയുടെ ഭരണം ഏറ്റെടുക്കുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് അറ്റൈകയെന്ന നിലക്ക് അവസാന നീക്കം.

കാര്‍ലെസ് പുഷെമോണ്‍ നേതൃത്വം നല്‍കുന്ന കാറ്റലന്‍ പ്രാദേശിക സര്‍ക്കാറിനെ പിരിച്ചുവിട്ട് ദൈനംദിന ഭരണം ദേശീയ മന്ത്രാലയങ്ങള്‍ക്കു കീഴിലാക്കാനാണ് തീരുമാനം. പൊലീസ് സംവിധാനവും പൊതു ടെലിവിഷനും കേന്ദ്രത്തിനു കീഴിലേക്കു മാറും. പുഷെമോണ്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയാല്‍ 30 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രഖ്യാപനത്തിനുടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്. എന്നാല്‍, അധികാരമൊഴിയാതെ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായിരിക്കും പുഷെമോണിന്റെ നീക്കം.

ഒക്ടോബര്‍ ഒന്നിന് നടന്ന ഹിതപരിശോധനയില്‍ പെങ്കടുത്ത 90 ശതമാനത്തിേലറെ പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, നിയമവിരുദ്ധമാണെന്നും നീക്കം അംഗീകരിക്കില്ലെന്നും അധികൃതര്‍ പ്രഖ്യാപിച്ചു. ഇരു സര്‍ക്കാറുകളുടെയും നീക്കം കാറ്റലോണിയന്‍ ജനതയില്‍ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാക്കിയ സാഹചര്യത്തില്‍ പ്രതിസന്ധിക്ക് പരിഹാരം എളുപ്പമാകില്ലെന്നാണ് സൂചന.

സ്‌പെയിനില്‍ സ്വയംനിര്‍ണയാവകാശ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ഇറ്റലിയിലെ അതിസമ്പന്നമായ രണ്ടു മേഖലകളില്‍ സമാന ആവശ്യവുമായി ഹിതപരിശോധന. വടക്കന്‍ മേഖലയിലെ ലൊംബാര്‍ഡി, വെനിറ്റോ പ്രവിശ്യകളാണ് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ട് ഹിതപരിശോധന നടത്തിയത്. രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 30 ശതമാനം നല്‍കുന്നവയാണ് ഈ പ്രവിശ്യകള്‍. സാമ്പത്തികമായി പിന്നാക്കമുള്ള ദക്ഷിണ മേഖലകള്‍ക്ക് വടക്കന്‍ മേഖലയുടെ വരുമാനം ഉപയോഗിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വോട്ടര്‍മാരില്‍ 90 ശതമാനവും അനുകൂലമായാണ് വോട്ടുചെയ്തതെങ്കിലും ഭരണഘടന സാധുതയില്ലാത്തതിനാല്‍ ഹിതപരിശോധന രാജ്യത്ത് പുതിയ സംഘര്‍ഷം സൃഷ്ടിക്കില്ലെന്നതാണ് ആശ്വാസം. ഇറ്റലി അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനാല്‍ വോെട്ടടുപ്പ് പുതിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: