മലിനജലം തുറന്ന് വിടുന്നത് ജലാശയങ്ങളിലേക്ക്: ഡബ്ലിനിലും പ്രശ്‌നം രൂക്ഷം: മുന്നറിയിപ്പുമായി ഇ.പി.എ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജലാശയങ്ങള്‍ ദിനംപ്രതി മലിനപ്പെടുന്നതായി എന്‍വിറോണ്മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി. രാജ്യത്ത് 44 സ്ഥലങ്ങളില്‍ അഴുക്കുവെള്ളം ശുദ്ധീകരിക്കാതെ നേരിട്ട് ജലാശയങ്ങളിലേക്ക് തുറന്നുവിടുന്നതായി കണ്ടെത്തി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കുടിവെള്ള സ്രോതസ്സുകളില്‍ കൂടി മലിനജലം കലരുന്നതായും കണ്ടെത്തി.

അയര്‍ലണ്ടിലെ ജലത്തിന്റെ ഗുണമേന്മ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ താഴെ നില്‍ക്കാനുള്ള കാരണവും ഇത് തന്നെയാണ്. രാജ്യത്തെ ജലസ്രോതസ്സുകളും കുടിവെള്ളവും ഗുണമേന്മ കുറഞ്ഞതാണെന്ന് ഇ.യുവിന്റെ മുന്നറിയിപ്പ് ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുകയായിരുന്നു. തലസ്ഥാന നഗരിയായ ഡബ്ലിന്‍ ഉള്‍പ്പെടെ രാജ്യത്തെ 50 പ്രധാന നഗരങ്ങളിലും ജലമലിനീകരണം അതിരൂക്ഷമാണെന്ന് കണ്ടെത്തി.

ഡബ്ലിന്‍ പുറമെ കോര്‍ക്കിലും, ഗാല്‍വേയിലും നിരവധി പ്രദേശങ്ങളില്‍ മലിനജലം നേരിട്ട് ജലാശയങ്ങളിലേക്ക് തുറന്ന് വിടുകയാണ്. ഡബ്ലിനിലെ മാറിയോണ്‍സ് സ്ട്രാന്‍ഡ്, ലൗഷിങ് ബീച്ചുകളില്‍ കുളിക്കാന്‍ ഇറങ്ങുന്നത് ഗുരുതരമായ ആരോഗ്യ പ്രശനം ഉണ്ടാക്കുമെന്ന് പരിസ്ഥിതി വകുപ്പ് അറിയിച്ചു. ശൈത്യകാലം പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ഈ വര്‍ഷം പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുവാനുള്ള സാഹചര്യവും നിലവിലുണ്ട്.

മലിനീകരിക്കപ്പെട്ട ബീച്ചുകളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്തെ ജലസംരക്ഷണത്തിന് നിക്ഷേപം കുറഞ്ഞതാണ് ഇത്തരം സംഭവങ്ങള്‍ക്ക് പുറകിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: