ജസ്റ്റിസ് ഫോര്‍ ഷെറിന്‍: ഷെറിന്റെ കൊലപാതകത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; വെസ്ലിക്കും ഭാര്യ സിനി മാത്യുവിനും പങ്കുണ്ടെന്ന് സമീപവാസികളുടെ ആരോപണം

 

മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. കുട്ടിയുടെ അച്ഛന്റെ മൊഴികളിലുള്ള വൈരുദ്ധ്യമാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. കുട്ടിയെ കാണാതായ അന്നുതന്നെ റിച്ചാഡ്സണ്‍ പോലീസ് വെസ്ലിയെ അറസ്റ്റ് ചെയ്തിരുന്നു. പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുട്ടിയെ താന്‍ വീടിന് പുറത്തുള്ള മരത്തിന് കീഴെ നിര്‍ത്തിയെന്നും പിന്നീട് കാണാതായെന്നുമാണ് അന്ന് വെസ്ലി പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍, മൃതദേഹം കണ്ടെത്തിയതിന് ശേഷം വെസ്ലി മൊഴി മാറ്റിയതായി റിച്ചാഡ്സണ്‍ പോലീസ് ഔദ്യോഗികമായി അറിയിക്കുന്നു.

മാനസികവളര്‍ച്ചയും വളര്‍ച്ചാക്കുറവുമൂലം സംവേദനശേഷിയും കുറവായിരുന്ന ഷെറിന് പോഷാകാഹാരക്കുറവുണ്ടായിരുന്നതായാണ് വെസ്ലി ഒടുവില്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇക്കാരണത്താല്‍ കുട്ടി ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയങ്ങളില്‍ പോലും ഭക്ഷണം നല്‍കണമെന്നുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പുലര്‍ച്ചെ മൂന്ന് മണിക്കും പാല് കുടിക്കാന്‍ നല്‍കിയത്. ഗ്യാരേജില്‍ വച്ചായിരുന്നു പാല് നല്‍കിയത്. എന്നാല്‍ ആദ്യം കുട്ടി അത് കുടിക്കാന്‍ വിസമ്മതിച്ചു. പിന്നീട് പാല് കുടിച്ചു തുടങ്ങി. അതിന് താന്‍ ‘ഫിസിക്കലി അസിസ്റ്റ്’ ചെയ്തു. എന്നാല്‍ പാല് കുടിക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സമുണ്ടാവുകയും ശ്വാസഗതി കുറഞ്ഞ് വരികയും ചെയ്തു. പിന്നീട് ഹൃദയമിടിപ്പ് നിലച്ചതായാണ് തനിക്ക് ബോധ്യപ്പെട്ടത്. ഹൃദയമിടിപ്പ് ഇല്ലാതായപ്പോള്‍ കുട്ടി മരിച്ചതായി കണക്കാക്കിയ താന്‍ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റി എന്നുമാണ് വെസ്ലി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ ആദ്യവാരത്തില്‍ ടെക്സാസ് റിച്ചാര്‍ഡ്സണിലെ വീട്ടില്‍ നിന്ന് കാണാതായ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം ഞായറാഴ്ച റിച്ചാഡ്സണ്‍ പോലീസ് കണ്ടെത്തിയിരുന്നു. ഷെറിന്‍ മാത്യുവിന്റെ വീടിന് സമീപമുള്ള ടണലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ദന്തപരിശോധനയിലൂടെ ഷെറിന്റെ മൃതദേഹം തന്നെയാണിതെന്ന് റിച്ചാഡ്സണ്‍ പോലീസ് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ ഒറ്റക്ക് പുറത്ത് നിര്‍ത്തിതുള്‍പ്പെടെയുള്ള പീഡനത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ബോണ്ടിന്റെ ബലത്തില്‍ ഇദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു.

എന്നാല്‍ ഷെറിനെ കാണാതായതിന് പിന്നില്‍ വെസ്ലിക്കും ഭാര്യ സിനി മാത്യുവിനും വ്യക്തമായ പങ്കുണ്ടെന്ന തരത്തില്‍ സമീപവാസികള്‍ ആരോപിച്ചിരുന്നു. ഷെറിനെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ റിച്ചാഡ്സണ്‍ നിവാസികളും സജീവ പങ്കാളികളായിരുന്നു. ‘വേര്‍ ഈസ് ഷെറിന്‍’, ‘ജസ്റ്റിസ് ഫോര്‍ ഷെറിന്‍’ എന്നീ ഫേസ്ബുക്ക് പേജുകളിലൂടെ റിച്ചാഡ്സണ്‍ നിവാസികള്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പങ്കുവക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഷെറിനെ കാണാതായതിന് പിന്നില്‍ വെസ്ലിക്കും സിനിയ്ക്കും വ്യക്തമായ പങ്കുണ്ടെന്ന് ഈ പേജുകളിലൂടെ പലരും ആരോപിച്ചിരുന്നു.

ഇതിനിടെ ഷെറിനെ കാണാതായി എന്ന് പറയുന്ന സമയത്തിന് ശേഷം ഒരു മണിക്കൂറോളം വെസ്ലി കുടുംബത്തിലെ ഒരു കാര്‍ പുറത്തുപോയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വെസ്ലിയുടെ ആദ്യത്തെ മൊഴിയനുസരിച്ച് 3.15 നാണ് കുട്ടിയെ വീടിന് പുറത്തുനിന്ന് കാണാതാവുന്നത്. ചെന്നായ്ക്കള്‍ അലഞ്ഞുനടക്കുന്ന പ്രദേശമായതിനാല്‍ അങ്ങനെയും സംശയിക്കേണ്ടിയിരിക്കുന്നെന്നും അന്ന് വെസ്ലി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാതായ അന്ന് പുലര്‍ച്ചെ നാല് മണിക്കും അഞ്ച് മണിക്കും ഇടയില്‍ വെസ്ലിയുടെ എസ്.യു.വി. കാറുകളിലൊന്ന് പുറത്ത് പോയിരുന്നതായാണ് പോലീസ് പറഞ്ഞിരുന്നത്. ഇതാണ് വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചതെന്ന് ടെക്സാസിലെ ചില മാധ്യമങ്ങളും ഫേസ്ബുക്ക് കൂട്ടായ്മകളും വെളിപ്പെടുത്തി.

ടണലില്‍ നിന്ന് റിച്ചാഡ്സണ്‍ പോലീസ് കണ്ടെത്തിയ മൃതദേഹം ഷെറിന്റേതാണെന്ന് ചൊവ്വാഴ്ച രാവിലെയാണ് ഉറപ്പിക്കുന്നത്. തുടര്‍ന്ന് വെസ്ലിയുടെ മൊഴിയില്‍ മാറ്റം വന്നത് ഇവരുടെ വാദത്തെ ഉറപ്പിച്ചു. ടെക്സാസില്‍ നഴ്സ് രജിസ്ട്രേഷനുള്ള വെസ്ലിയുടെ ഭാര്യ സിനിയെയാണ് ചിലര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത്. പാല് കുടിക്കുന്നതിനിടെ ചുമവരികയും പിന്നീട് ഹൃദയമിടിപ്പ് ഇല്ലാതാവുകയും ചെയ്തപ്പോഴും നഴ്സ് ആയ ഭാര്യയെ വിളിക്കാന്‍ എന്തുകൊണ്ട് വെസ്ലി മുതിര്‍ന്നില്ല എന്ന ചോദ്യമാണ് സമീപവാസികളില്‍ ചിലര്‍ ഉന്നയിക്കുന്നത്.

ഉറങ്ങുകയായിരുന്ന ഭാര്യയെ ശല്യം ചെയ്യേണ്ടെന്ന് കരുതിയാണ് വിളിക്കാതിരുന്നതെന്നാണ് വെസ്ലി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്ന ആരോപണമാണ് സമീപവാസികള്‍ ഉന്നയിക്കുന്നത്. പാല് നല്‍കിയത് ഗ്യാരേജില്‍ വച്ചാണെന്ന് വെസ്ലി പറയുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ കുഞ്ഞിന് എന്തുകൊണ്ട് വീടിനകത്തുവച്ച് പാല് നല്‍കിയില്ല എന്നും ചിലര്‍ ചോദ്യമുന്നയിക്കുന്നു. പാല് കുടിക്കുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാവുകയും ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥയുണ്ടായപ്പോഴും റിച്ചാഡ്സണ്‍ പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 911 ല്‍ വെസ്ലി വിളിക്കാതിരുന്നതിലും ദുരൂഹതയുള്ളതായി ചിലര്‍ അഭിപ്രായപ്പെടുന്നു.

വെസ്ലി-സിനി ദമ്പതികള്‍ 2016 ല്‍ ദത്തെടുത്ത കുട്ടിയാണ് ഷെറിന്‍. മൂന്ന് വയസ്സുള്ള മകള്‍ ഉണ്ടായിരിക്കെ ഭിന്നശേഷിക്കാരിയായ വളര്‍ച്ചാ വൈകല്യങ്ങളുള്ള ഷെറിനെ ദത്തെടുത്തതെന്തിനെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അച്ഛനുമമ്മയും ഉപേക്ഷിച്ച ഒരു വയസ്സുകാരിയായ സരസ്വതി ബിഹാറിലെ ഗയയിലുള്ള ഒരു അനഥാലയത്തിലാണ് വളര്‍ന്നത്. ഒന്നര വര്‍ഷം മുമ്പാണ് വെസ്ലിയും സിനിയും നിയമപ്രകാരം ദത്തെടുക്കുന്നത്. വെസ്ലി കുട്ടിയോട് നല്ല സമീപനമായിരുന്നെന്നും എന്നാല്‍ സിനി കുട്ടിയുടെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ശാരീരികമായി ഉപദ്രവിച്ചിരുന്നതായും സമീപവാസികള്‍ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിട്ടുണ്ട്. വളര്‍ത്തച്ഛനായ വെസ്ലി തന്നെയാണ് മൃതദേഹം ടണലില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമായെങ്കിലും മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്ന് റിച്ചാഡ്സണ്‍ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെ ബന്ധപ്പെട്ടപ്പോള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ വ്യക്തത വരൂ എന്ന മറുപടിയാണ് റിച്ചാഡ്സണ്‍ പോലീസ് നല്‍കിയത്.

ഷെറിനെ കാണാതായത് മുതല്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും റിച്ചാഡ്സണ്‍ നിവാസികള്‍ ഇതിന് വലിയ പ്രചാരണം നല്‍കുകയും നിരത്തുകളിലും മറ്റും ഷെറിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഷെറിന്റെ മൃതദേഹം കണ്ടെത്തിയ ടണലിന് സമീപം സമീപവാസികളടക്കമുള്ള നിരവധി പേര്‍ മെഴുകുതിരി കത്തിക്കുകയും പുഷ്പങ്ങളര്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്ന ജനവികാരം കേസന്വേഷണത്തില്‍ റിച്ചാഡ്സണ്‍ പോലീസിനെ സമ്മര്‍ദ്ദപ്പെടുത്തിയിരുന്നതായി ചില മാധ്യമങ്ങള്‍ പറയുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: