ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സങ്കീര്‍ണതയില്‍പ്പെട്ട് സ്പെയിന്‍

 

സ്പെയിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ആ രാജ്യം എത്തപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ച കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയതോടെയാണ് സ്പെയിന്‍ കടുത്ത പ്രതിസന്ധിയിലേക്ക് വീണിരിക്കുന്നത്. തങ്ങള്‍ സ്പെയിനില്‍ നിന്നും സ്വാതന്ത്രരാകുന്നതായും പരമാധികാര സ്വതന്ത്രരാജ്യമായി നിലനില്‍ക്കുമെന്നും കാറ്റലോണിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ലെന്നും കാറ്റലോണിയ സ്പെയിന്റെ ഭാഗമായി തന്നെ തുടരുമെന്നും രാജ്യത്തെ നിയമം അവിടെയും പുനഃസ്ഥാപിക്കപ്പെടുമെന്നും സ്പെയിന്‍ പ്രധാനമന്ത്രി മരിയോ രെജോയി നിലപാട് അറിയിച്ചു രംഗത്തു വന്നു.

ഇതിനു പിന്നാലെ കാറ്റലോണിയന്‍ പ്രസിഡന്റിനെ നീക്കം ചെയ്തും പാര്‍ലമെന്റ് പിരിച്ചു വിട്ടുകൊണ്ടുമുള്ള പ്രഖ്യാപനവും രെജോയി നടത്തി. എല്ലാവരും ശാന്തത പാലിക്കണമെന്നും രാജ്യത്തെ നിയമം തന്നെ കാറ്റലോണിയയിലും പുനഃസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറ്റവും ദുഃഖകരമായൊരവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. കാറ്റലോണിയയിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കേണ്ടത് അത്യാവശ്യമാണ്. അവരാണ് അവരുടെ ഭാവി തീരുമാനിക്കേണ്ടത്. കുറച്ചുപേര്‍ക്ക് അവരവരുടെ താത്പര്യത്തിനനുസരിച്ച് ആ ജനങ്ങളുടെ മേല്‍ എന്തെങ്കിലും നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കാറ്റലോണിയന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തിക്കൊണ്ട് മരിയോ രെജോയ് പ്രതികരിച്ചു.

തങ്ങളുടെ നിലപാടിനൊപ്പം മറ്റു രാജ്യങ്ങള്‍ നില്‍ക്കുന്നുവെന്നതാണ് സ്പെയിനെ ഇപ്പോള്‍ ആശ്വസിപ്പിക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കം കാറ്റലോണിയയുടെ തീരുമാനത്തെ എതിര്‍ക്കുകയാണ്. രാജ്യത്തെ ഐക്യം നിലനിര്‍ത്താനുള്ള സ്പെയ്ന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. കാറ്റലോണിയ ആ രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്; അമേരിക്ക പറയുന്നു. സ്പെയിന്‍ നാറ്റോ സഖ്യത്തിലെ പ്രധാനപ്പെട്ട അംഗമാണ്. കാറ്റലോണിയ അതുപോലെ സ്പെയിന്റെ അവിഭാജ്യഘടകവും. സ്പെയിന്റെ ഐക്യവും ശക്തിയും നിലനിര്‍ത്തേണ്ടതിനായി ഭരണഘടനയെ പിന്തുണയ്ക്കുന്നു; അമേരിക്കന്‍ ആഭ്യന്തരവക്താവ് ഹീതര്‍ നൗരറ്റ് വ്യക്തമാക്കുന്നു.

യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് ഒന്നും മാറുന്നില്ല. സ്പെയിനോടു മാത്രമാണ് ഞങ്ങളുടെ ബന്ധമെന്നും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അഭിപ്രായപ്പെട്ടു. ഐക്യ സ്പെയിന്‍ നിലനില്‍ക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടത്. സ്പെയിന്‍ പ്രധാനമന്ത്രി മരിയോ രെജോയിനെ മാത്രമാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്നും മാക്രോണ്‍ ദി അസോഷിയേറ്റഡ് പ്രസ്സിനോട് പ്രതികരിച്ചു. ഭരണഘടനാനുസൃതമായൊരു നിയമം സ്പെയിനിലുണ്ട്. ഈ നിയമം ബഹുമാനിക്കപ്പെടാനാണ് പ്രധാനമന്ത്രി മരിയോ രെജോയ് ആഗ്രഹിക്കുത്. ഞാനദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു; മാക്രോണ്‍ പറഞ്ഞു.

കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു ജര്‍മനിയും പറഞ്ഞു. കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ ജര്‍മനി അംഗീകരിക്കുന്നില്ലെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മാര്‍ക്കലിന്റെ വക്താവ് സ്റ്റെഫന്‍ സീബെര്‍ട്ട് വ്യക്തമാക്കിയത്. തങ്ങള്‍ കാറ്റിലണിയന്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തെ അംഗീകരിക്കുന്നില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നെറ്റോ വ്യക്തമാക്കി.

പത്തിനെതിരേ എഴുപത് വോട്ടുകള്‍ക്കാണ് സ്വാതന്ത്ര്യപ്രഖ്യാപനം കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ വെള്ളിയാഴ്ച പാസായത്. ഒക്ടോബര്‍ ഒന്നിനു നടത്തിയ ഹിതപരിശോധനയില്‍ തൊണ്ണൂറുശതമാനം സ്പെയിനില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനത്തെ അനുകൂലിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നതെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റ് കാര്‍ലസ് പൂഗ്ഡിമൊന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഹിതപരിശോധന നിയമവിരുദ്ധമാണെന്നും ഇതംഗീകരിക്കില്ലെന്നും സ്പെയിനിലെ ഭരണഘടന കോടതി ഉത്തരവിട്ടിരുന്നു.

ഹിതപരിശോധന തടയാനായി സ്പാനിഷ് സര്‍ക്കാരും ശ്രമിച്ചിരുന്നു. പോളിംഗ് ബൂത്തുകള്‍ കണ്ടുകെട്ടിയും വോട്ടിംഗ് ബാലറ്റുകള്‍ പിടിച്ചെടുത്തുമാണ് ഹിതപരിശോന തടയാന്‍ പൊലീസ് ശ്രമിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹിതപരിശോധന ദിവസം കാറ്റിലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളും പൊലീസും തമ്മില്‍ വിവിധയിടങ്ങളില്‍ നടന്ന ഏറ്റുമൂട്ടലില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. സ്പാനിഷ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ഹിതപരിശോധനയില്‍ 48 ശതമാനം വോട്ടിംഗ് നടന്നെന്നും വോട്ട് ചെയ്തവരില്‍ 90 ശതമാനവും സ്പെയിന്‍ വിട്ട് സ്വതന്ത്ര്യരാജ്യമായി കാറ്റലോണിയ മാറണമെന്ന് അഭിപ്രായപ്പെട്ടവരാണെന്നും കാര്‍ലസ് പൂഗ്ഡിമൊന്‍ പ്രസ്താവിച്ചിരുന്നു.

7.5 മില്യണ്‍ ജനങ്ങള്‍ കാറ്റലോണിയയില്‍ താമസിക്കുന്നുണ്ട്. സ്പെയിനിന്റെ ആകെ ജനസംഖ്യയുടെ 16 ശതമാനവും കറ്റാലന്മാരാണ്. സ്പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റിലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. ചുരുക്കി പറഞ്ഞാല്‍ സ്പെയിന്‍ മ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോള്‍ ക്ലബ്ബായ ബാഴസലോണയും കറ്റാലോണിയയുടെ ഭാഗമാണ്.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണയിലെ ജനങ്ങള്‍ അവരുടെ സ്വന്തം ഭാഷയും സംസ്‌കാരവുമാണ് പിന്തുടരുന്നത്. സ്വതന്ത്ര ഭരണകൂടമാണ് ഇവിടെയുള്ളതെങ്കിലും സ്വതന്ത്രപദവി കാറ്റലോണിയയ്ക്ക് സ്പാനീഷ് ഭരണഘടന അനുവദിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി തങ്ങള്‍ക്ക് സ്വാതതന്ത്ര്യം വേണമെന്ന ആവശ്യം കറ്റാലന്‍മാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അവര്‍ വിശാലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും അതും കടന്ന് രാജ്യത്തെ വിഘടിപ്പിച്ചുകൊണ്ട് വേര്‍പ്പെട്ടു നില്‍ക്കേണ്ടതില്ലെന്നുമാണ് സ്പാനിഷ് ദേശീയവാദികള്‍ പറയുന്നത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: