ചവറ കെഎംഎംഎല്‍ അപകടം: മരണസംഖ്യ മൂന്നായി

 

ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനുള്ളിലെ ഇരുമ്പുപാലം തകര്‍ന്നുവീണ് മരിച്ചവരുടെയെണ്ണം മൂന്നായി. തകര്‍ന്നുവീണ പാലം വൈകിട്ടോടെ ഉയര്‍ത്തിയപ്പോഴാണ് രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയത്. ചവറ സ്വദേശികളായ അന്നമ്മ, അഞ്ജലീന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കല്ലട സ്വദേശിനി ശ്യാമള (56) യുടെ മൃതദേഹം രാവിലെതന്നെ കണ്ടെത്തിയിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാലമാണ് തകര്‍ന്നുവീണത്. കെ.എം.എം.എല്ലിലെ എം.എസ് യൂണിറ്റിലേക്ക് പോകുന്നതിനുവേണ്ടി ഉള്ളതായിരുന്നു അപകടത്തില്‍പ്പെട്ട പാലം.

കെഎംഎംഎല്ലിന്റെ മുഖ്യ ഓഫീസിന് മുന്നില്‍ സമരത്തില്‍ പങ്കെടുത്ത് മടങ്ങിയവരായിരുന്നു അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നു. പാലം തകര്‍ന്ന് വെള്ളത്തിലേക്കാണ് ആളുകള്‍ വീണത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

കെഎംഎംഎല്ലിനെതിരെ കഴിഞ്ഞ കുറച്ചു നാളായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ മാരക രോഗങ്ങള്‍ക്കിടയാക്കുന്നുവെന്നും കമ്പനി അടച്ചു പൂട്ടണമെന്നുമാവശ്യപ്പെട്ടാണ് നാട്ടുകാരുടെ സമരം. രാസമാലിന്യത്തിന്റെ ഫലമായി ചിറ്റൂര്‍, മേക്കാട്, കളരി, പന്മന, പൊന്മന തുടങ്ങി ചവറയിലെ അഞ്ചോളം ഗ്രാമങ്ങള്‍ മാരക രോഗങ്ങളുടെ പിടിയിലാണ്. ശുദ്ധജലം കിട്ടാക്കനിയായ പ്രദേശത്ത് രാസമാലിന്യം മൂലം മണ്ണിന് ഓറഞ്ചും മഞ്ഞയും കലര്‍ന്ന നിറമാണ്. സര്‍ക്കാര്‍ വിഷയത്തിന് വേണ്ട പ്രാധാന്യം നല്‍കാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുകയായിരുന്നു നാട്ടുകാര്‍.

ഡികെ

 

Share this news

Leave a Reply

%d bloggers like this: