നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്: ബെഹ്‌റയ്ക്കും സന്ധ്യയ്ക്കുമെതിരെ ഗുരുതര ആരോപണം

 

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്നാഥ് ബെഹ്റയും, എഡിജിപി സന്ധ്യയും തന്നെ കുടുക്കിയെന്നും ദിലീപ് കത്തില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് പന്ത്രണ്ട് പേജുകളടങ്ങിയ കത്ത് ദിലീപ് നല്‍കിയത്.

സംഭവത്തില്‍ വ്യാജ തെളിവുണ്ടാക്കി പൊലീസ് തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് കത്തില്‍ ആരോപിക്കുന്നത്. നടി ആക്രമിച്ച ദിവസം തൊട്ടുള്ള ഓരോ വിവരങ്ങളും ദിലീപ് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തെറ്റ് ചെയ്തത് പള്‍സര്‍ സുനിയാണെന്നിരിക്കെ തന്നെ കുറ്റക്കാരനെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദിലീപ് പറയുന്നു.

കഴിഞ്ഞ മാസം മൂന്നിനാണ് ദിലീപ്ജയില്‍ മോചിതനായത്. അതിനു രണ്ടാഴ്ചക്കകം കത്തു നല്‍കി. നടി ആക്രമിക്കപ്പെട്ട ശേഷം ഒരോ ദിവസവും തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ അക്കമിട്ടു നിരത്തിയാണ് ദിലീപിന്റെ കത്ത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ വച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയോ, സിബിഐയെ കേസ് ഏല്‍പ്പിക്കുകയോ ചെയ്യണമെന്നും കത്തില്‍ പറയുന്നു.

പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പോലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പോലീസിന് കൈമാറിയിരുന്നു എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പോലീസ് ശ്രമിച്ചത്.

നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ പറയുന്നു. നേരത്തെ ജാമ്യാപേക്ഷയിലും പോലീസിനെതിരെ ഗുരുതരമായ ആരോപണം ദിലീപ് ഉന്നയിച്ചിരുന്നു. എഡിജിപി സന്ധ്യ തന്നെ മനഃപൂര്‍വം കുടുക്കുകയായിരുന്നു എന്നും തന്റെ മൊഴിയില്‍ ചിലഭാഗം സന്ധ്യ രേഖപ്പെടുത്തിയില്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍ ദിലീപ് കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കുന്ന വിശദീകരണം.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: