കുമ്പസാരിക്കാനെത്തിയ ഇരുപത്തഞ്ചുകാരിയെ കൊലപ്പെടുത്തിയ വൈദികന് അറുപത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ജീവപര്യന്തം

 

അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ കത്തോലിക്കാ വൈദികന് ജീവപര്യന്തം. 1960 ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തഞ്ചുകാരിയുടെ കൊലപാതകം. അധ്യാപികയും സൗന്ദര്യമത്സര ജേതാവുമായിരുന്ന ഐറിന്‍ കുമ്പസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു പള്ളിയില്‍ വെച്ച് വൈദികന്‍ കൊലപ്പെടുത്തിയത്. കൊലപാതകക്കേസില്‍ എണ്‍പത്തഞ്ചു വയസുകാരനായ ജോണ്‍ ഫെയിറ്റ് എന്ന വിരമിച്ച വൈദികനാണ് ദക്ഷിണ ടെക്സാസിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ജോണ്‍ ടെക്സാസിലെ മക്കെല്ലനില്‍ വൈദികനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വിശുദ്ധവാരത്തില്‍ കുമ്പസാരിക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയായ ഐറിന്‍ ഗാര്‍സയെ അന്ന് ഇരുപത്തിയേഴ് വയസുണ്ടായിരുന്ന വൈദികന്‍ ജോണ്‍ ഫെയിറ്റ് കൊലപ്പെടുത്തുകയായിരുന്നു. സൗന്ദര്യ മത്സര ജേതാവ് കൂടിയായിരുന്ന ഐറിനെ പീഡിപ്പിക്കാനുള്ള ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുമ്പസാരിക്കാനെത്തിയ യുവതിയെ വൈദികന്‍ പീഡിപ്പിക്കുകയും പിന്നീട് ബാത്ടബ്ബില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശ്വാസം കിട്ടാതെ മരിച്ച യുവതിയുടെ ശരീരം പിന്നീട് സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.

ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകക്കേസില്‍ ഏറെ അന്വേഷണങ്ങള്‍ നടന്നെങ്കിലും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഐറിന്‍ കുമ്പസാരിക്കാനായി പള്ളിയില്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

കേസില്‍ ആദ്യം സംശയിക്കപ്പെട്ടെങ്കിലും പിന്നീട് പള്ളി അധികൃതരുടെ ഇടപെടല്‍ മൂലം ജോണ്‍ ഫെയിറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് പിന്നീട് കണ്ടെത്തി. കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരുന്ന ജോണിനെ കഴിഞ്ഞ വര്‍ഷമാണ് ടെക്സാസില്‍ എത്തിച്ചത്.

അഞ്ചു ദിവസം നീണ്ടു നിന്ന വിചാരണയ്ക്കിടെ ഇരുപത്തിനാലിലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് ജോണിന്റെ പേര് ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കോടതി വൈദികന് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അരിസോണയിലെ വിരമിച്ച വൈദികരുടെ ആശ്രമത്തില്‍ താമസിച്ചു വരികയായിരുന്നു ജോണ്‍.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: