ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും; തനിക്ക് സുരക്ഷയില്ലെന്ന് വിജയ് മല്യ

 

ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പുകളുമാണെന്നും ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്നും മദ്യവ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍. 9000 കോടി വായ്പാതട്ടിപ്പ് നടത്തിയ മല്യ ഇപ്പോള്‍ ബ്രിട്ടണിലാണുള്ളത്. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ബ്രട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മല്യ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെ എതിര്‍ത്തത്.

ഇന്ത്യയിലെ ആര്‍തര്‍ റോഡ് ജയില്‍, ആലിപുര്‍ ജയില്‍, പുഴാല്‍ ജയില്‍ എന്നിവിടങ്ങളിലെ ദയനീയാവസ്ഥ ബ്രിട്ടനിലെ ജയില്‍ വിദഗ്ധന്‍ ഡോ അലന്‍ മിച്ചലിനെ കാടതിയില്‍ ഹാജരാക്കി വിശദീകരിച്ചുകൊണ്ടാണ് ഇന്ത്യക്ക് തന്നെ കൈമാറരുതെന്ന് മല്യ വാദിച്ചത്.

മല്യ കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന ആളാണ്. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരെങ്കിലുമുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം, ബ്രിട്ടനിലെ പ്രധാന ജയിലുകളിലെല്ലാം 12 മുഴുവന്‍ സമയ ഡോക്ടര്‍മാരും 60 നഴ്സുമാരുമുണ്ടെന്നും മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് അന്തിമവാദം കേള്‍ക്കുന്നതിനായി ജനുവരി 10 ലേക്ക് മാറ്റി.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശങ്ങളില്‍ പിടിയിലാകുന്നവരോ കീഴടങ്ങുന്നവരോ ഇന്ത്യയിലേക്ക് തങ്ങളെ വിചാരണയ്ക്ക് അയക്കുന്നത് ഒഴിവാക്കാന്‍ പലപ്പോഴും പറയുന്ന ന്യായീകരണങ്ങളിലൊന്നാണ് ഇന്ത്യന്‍ ജയിലുകളിലെ ശോചനീയ അവസ്ഥ. ഇന്ത്യക്കാരും വിദേശീയരുമായ പല പ്രതികളും ഇങ്ങനെ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവസ്ഥയും വിചാരണ നടപടികള്‍ അനന്തമായി നീളുന്നതും ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുന്നത് ഒഴിവാക്കാറുണ്ട്.

നേരത്തെ മുതല്‍ ഇന്ത്യന്‍ ജയിലുകളുടെ ശോചനീയാവയസ്ഥ ചൂണ്ടിക്കാട്ടിയാണ് മല്യ തനിക്ക് പ്രതിരോധമുയര്‍ത്തുന്നത്. എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഇന്ത്യയിലെ ജയിലുകള്‍ ഇപ്പോള്‍ ബ്രിട്ടണ്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ജയിലുകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും വിജയ് മല്യയെ വിട്ടുനല്‍കിയാല്‍ അദ്ദേഹത്തിന് ജയിലില്‍ നല്ല പരിചരണം ലഭിക്കുമെന്നും ബ്രിട്ടീഷ് അധികൃതരോട് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്താനെത്തിയ ഇന്ത്യന്‍ സംഘമാണ് ഇന്ത്യയുടെ ജയിലുകളുടെ നിലവാരം ഉയര്‍ന്നതായും വിജയ് മല്യ അടക്കമുള്ള തടവുകാര്‍ക്ക് അവിടെ മികച്ച സൗകര്യങ്ങള്‍ ലഭിക്കുമെന്നും അറിയിച്ചത്.

ബാങ്ക് വായ്പാതട്ടിപ്പ് നടത്തി ലണ്ടനിലെ തന്റെ വസതിയിലേക്ക് മുങ്ങിയ വിജയ് മല്യയും ബ്രിട്ടീഷ് കോടതിയില്‍ ഈ വാദമുന്നയിച്ചാണ് ഇന്ത്യയിലേക്ക് നാടുകടത്തുന്നത് ഒഴിവാക്കാന്‍ ശ്രമം നടത്തുന്നത്. മല്യയെ ഇന്ത്യയില്‍ വിചാരണ നേരിടുന്നതിന് നാടുകടത്താനായി ബ്രിട്ടനുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് ഇന്ത്യ പ്രത്യേകസമിതിയ്ക്ക് രൂപം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടനുമായി മല്യയെ തിരിച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സ്‌കോട്ട്ലാന്റ് യാഡ് പൊലീസ് സംഘം മല്യയെ അറസ്റ്റുചെയ്തെങ്കിലും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി അന്നുതന്നെ മല്യക്ക് ജാമ്യം നല്‍കിയിരുന്നു. ഡിസംബര്‍ വരെയാണ് മല്യയ്ക്ക് ജാമ്യം ലഭിച്ചത്. വിജയ് മല്യ ഇപ്പോള്‍ ജാമ്യത്തില്‍ ബ്രിട്ടണില്‍ തന്നെ തുടരുകയാണ്.

ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടാല്‍ വിജയ് മല്യയെ മഹാരാഷ്ട്രയിലെ ആര്‍ദ്രര്‍ റോഡ് ജയിലിലേക്കാകും അയക്കുകയെന്നും ഇതിനാല്‍ ഈ ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മഹാരാഷ്ട്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അഴിമതിക്കേസില്‍ അറസ്റ്റ്ചെയ്യപ്പെട്ട മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്പല്‍ അടക്കമുള്ള പല വിഐപികളും കിടന്നിട്ടുള്ള ജയിലാണ് ആര്‍ദ്രര്‍ റോഡ് ജയില്‍.

ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച് കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്ന് സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. ഇതിന് പുറമെ പതിനേഴു ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയോളം തിരിച്ചടച്ചില്ലെന്ന് മല്യയ്ക്കെതിരെ കേസ് നിലവില്‍ ഉണ്ട്.വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യയിലെ വിവിധ കോടതികള്‍ മല്യയ്ക്കെതിരെ ആറോളം ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2016 മാര്‍ച്ച് രണ്ടിനാണ് മല്ല്യ ഇന്ത്യ വിട്ടത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: