കത്തോലിക്ക പുരോഹിതന്‍മാര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കരുത്’; ബാലപീഡനം തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി ഓസ്ട്രേലിയ

 

വൈദികര്‍ക്കിടയിലെ ബാലലൈംഗിക പീഡനങ്ങള്‍ക്ക് തടയിടണമെന്ന ആഗ്രഹത്തോടെ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ പുതിയ ശുപാര്‍ശ. കത്തോലിക്ക വൈദികര്‍ക്ക് ഇ്ഷ്ടമെങ്കില്‍ മാത്രം ബ്രഹ്മചര്യം കാത്തൂസൂക്ഷിച്ചാല്‍ മതിയെന്ന് തീരുമാനിക്കാനുള്ള അനുവാദം കൊടുക്കണമെന്നാണ് ഗവണ്‍മെന്റ് ശുപാര്‍ശ. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള റോയല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇത്തരം നിര്‍ദ്ദേശമുള്ളത്.

അതേസമയം ആസ്ത്രേലിയയിലെ കാത്തലിക് ചര്‍ച്ചുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്പോര്‍ട്സ് ക്ലബ്ബുകളിലും നടന്ന ബാലപീഡന പരമ്പരയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍, റിപോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടികളെ സംരക്ഷിക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്കു ഗുരുതരമായ പിഴവു സംഭവിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. 4000ത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരേയാണു പരാതി ഉയര്‍ന്നന്നത്. സംഭവത്തില്‍ ചര്‍ച്ച് അധികാരികള്‍ക്കും മതനേതാക്കള്‍ക്കും ഗുരുതരമായ വീഴ്ചയാണു സംഭവിച്ചതെന്നു റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കാത്തലിക് സഭയുടെ ബ്രഹ്മചര്യ നിയമങ്ങള്‍ പാടേ ലംഘിച്ചു. കുട്ടികള്‍ക്കെതിരേ കടുത്ത പീഡനമാണു സഭാ സ്ഥാപനങ്ങളില്‍ അരങ്ങേറിയത്. 10000ത്തിലധികം കുട്ടികള്‍ പീഡനത്തിന് ഇരയായതായി തെളിവുകള്‍ ലഭിച്ചു. എന്നാല്‍ ഇരകളായ കുട്ടികളുടെ യഥാര്‍ഥ എണ്ണം ഇതിലും എത്രയോ അധികമാണ്. ഏതെങ്കിലും ചിലര്‍ മാത്രം തെറ്റുകാരായ കേസല്ല ഇത്. പ്രധാന നേതാക്കളടക്കം നിരവധി പേര്‍ ചൂഷണത്തിനു കൂട്ടുനിന്നു. സഭാ അധികാരികളുടെ ഭാഗത്തു നിന്നു വന്‍ വീഴ്ചയാണു സംഭവിച്ചത്. കുറ്റകൃത്യത്തില്‍ പ്രധാനമായും പങ്കാളികളായതു മതപുരോഹിതരും അധ്യാപകരുമാണ്- റിപോര്‍ട്ട് വ്യക്തമാക്കുന്നു.

വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൈക്കൊള്ളേണ്ട 200ലധികം നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണു റിപോര്‍ട്ട്. കുറ്റക്കാരായ പുരോഹിതരോടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശിക്കണം. സത്യം പുറത്തുവരാന്‍ കാനോന്‍ നിയമങ്ങളില്‍ ഭേദഗതി ആവശ്യമെങ്കില്‍ വത്തിക്കാന്‍ അതിനും നിര്‍ദേശം നല്‍കണം. ഇതിനായി ആസ്ത്രേലിയന്‍ കാത്തലിക് ബിഷപുമാര്‍ വത്തിക്കാന് അപേക്ഷ നല്‍കണം- തുടങ്ങിയവയാണു റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍. അതേസമയം, റിപോര്‍ട്ടിലൂടെ ഒരു ദേശീയ ദുരന്തത്തിന്റെ വിവരങ്ങളാണു പുറത്തായതെന്നു പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ പറഞ്ഞു.

വളരെ നാണക്കേടായ സംഭവങ്ങളാണു കഴിഞ്ഞുപോയതെന്നായിരുന്നു ആസ്ത്രേലിയന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡെനിസ് ഹാര്‍ട്ടിന്റെ പ്രതികരണം. എന്നാല്‍ ലൈംഗിക പീഡനങ്ങളും ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന പുരോഹിതന്‍മാരെയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു സിഡ്നി കാത്തലിക് ആര്‍ച്ച് ബിഷപ് ആന്റണി ഫിഷറിന്റെ പ്രതികരണം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ കുടുംബങ്ങളിലും വിവിധ സ്ഥാപനങ്ങളിലും നടക്കാറുണ്ട്. ഇതും പുരോഹിതരുടെ ബ്രഹ്മചര്യവുമായി ബന്ധപ്പെടുത്തി പറയുന്നത് ശരിയല്ല- ആന്റണി ഫിഷര്‍ പറഞ്ഞു.

2013 മുതല്‍ ആരംഭിച്ച അന്വേഷണം, കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ക്കുറിച്ച് രാജ്യത്തു നടന്ന എറ്റവും വലിയ അന്വേഷണമായാണു വിലയിരുത്തുന്നത്. 2500ത്തിലധികം പരാതികളില്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി 15000ലധികം പേരില്‍ നിന്നാണു കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്. 8000ലധികം ഇരകളെ കമ്മീഷന്‍ നേരിട്ട് ബന്ധപ്പെട്ടു. 1300 പരാതികള്‍ രേഖാമൂലം സ്വീകരിച്ച കമ്മീഷന്‍ പരാതി സമര്‍പ്പിക്കാനായി 57 പൊതു അദാലത്തുകളും നടത്തിയിരുന്നു. അന്വേഷണത്തിനിടെ നിരവധി പേര്‍ കുറ്റസമ്മതം നടത്തുകയും ഇരകളോടു മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: