ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം: ബിജെപിക്ക് പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ് മുന്നേറുന്നു

 

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ 22 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസിന്റെ മുന്നേറ്റം. 90 ലധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. 22 വര്‍ഷത്തെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഗുജറാത്തില്‍ മുന്നേറ്റം നടത്തുന്നത്. ആദ്യസൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നുവെങ്കിലും ഫലപ്രഖ്യാപനം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് കളത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.

കച്ച്, സൗരാഷ്ട്ര മേഖലയിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടായത്. ബിജെപിക്ക് മുന്‍ തൂക്കമുള്ള അഹമ്മദാബാദ്, രാജ്കോട്ട, വഡോദര എന്നീ നഗരങ്ങള്‍ ചേര്‍ന്ന മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെണ്ണല്‍ നടന്നത്. ഏറ്റവും പുതിയ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രി വിജയ് രൂപാനി ഏറെ പിന്നിലാണ്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പിന്നിലുമാണ്.

അതേസമയം കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്‌നേഷ് മേവാനി, അല്‍പേഷ് ഠാക്കൂര്‍ എന്നിവര്‍ മുന്നിലുണ്ട്. ഏറ്റവും പുതിയ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഗുജറാത്തില്‍ 182 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.

സംസ്ഥാനത്ത് ബിജെപി 22 വര്‍ഷങ്ങളായി തുടരുന്ന ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിടുമ്പോള്‍ ഗാന്ധിയുടെ നാട്ടില്‍ കൈവിട്ട അധികാരം തിരിച്ചുപിടിക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് ഫലം ഒരേസമയം നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിയ്ക്കും നിര്‍ണായകമാണ്. രാജ്യത്ത് 2014 മുതല്‍ ആഞ്ഞുവീശുന്ന മോദി തരംഗം മറികടക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും സാധിക്കുമോ എന്നാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്.

ഇതിനൊപ്പം ഹിമാചല്‍പ്രദേശിലും ഭരണകക്ഷിയായ കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്. എങ്കിലും നേരിയ മുന്നേറ്റം ബിജെപിക്കാണുള്ളത്. കേവലഭൂരിപക്ഷം ബിജെപി നേടുമെന്നാണ് ഒടുവില്‍ വരുന്ന സൂചനകള്‍. ഗുജറാത്തിന് സമാനമായി ഇവിടെയും ആദ്യസൂചനകളില്‍ ബിജെപിയായിരുന്നു മുന്നിലെങ്കിലും കോണ്‍ഗ്രസ് പിന്നീട് തിരിച്ചെത്തുകയായിരുന്നു. എങ്കിലും ബിജെപിയുടെ ലീഡ് നില മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: