ജീവന്‍ നോക്കാതെ തോളിലേറ്റി രക്ഷിച്ചത് മൂന്ന് പേരെ: തീപിടിത്തത്തിനിടെ താരമായി പൊലീസുകാരന്‍

 

മുംബൈയില്‍ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ച ദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ഒരു പോലീസുകാരനെ പുകഴ്ത്തുകയാണ് സമൂഹമാധ്യമങ്ങള്‍. അഗ്നിബാധയില്‍ പെട്ട് അവശനായ ആളെ തോളിലേറ്റി പുറത്തേക്ക് വരുന്ന ഒരു പോലീസുകാരന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ആദ്യം വ്യാജ ചിത്രമാണെന്നാണ് പലരും സംശയം പ്രകടിപ്പിച്ചെങ്കില്‍ തുടര്‍ന്ന് നടന്ന അന്വേഷണം രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്ന പോലീസുകാരന്റേതാണെന്ന് വ്യക്തമായി. അതോടെ ഉത്തരവാദ ബോധത്തിന്റെ പ്രതീകമായി ആ ചിത്രം മാറി.

സുദര്‍ശന്‍ ഷിന്‍ഡെ എന്ന മുംബൈ പോലീസിലെ ധീരനായ പോലീസുകാരനായിരുന്നു അത്. വ്യാഴാഴ്ച മുംബൈ ലോവര്‍ പാരല്‍ കമല മില്‍ കോമ്പൗണ്ടില്‍ ഉണ്ടായ തീ പിടിത്തത്തില്‍ അകപ്പെട്ടവരെ സ്വന്തം ജീവന്‍ കൊടുത്ത് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു സുദര്‍ശന്‍.

ജന്മദിനാഘോഷത്തിനിടെയുണ്ടായ അഗ്‌നിബാധയില്‍ ജന്മദിനക്കാരിയടക്കം പതിനാല് പേരാണ് ശ്വാസം മുട്ടിയും മറ്റുമായി മരിച്ചത്. 21 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തന്റെ ധീരമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുദര്‍ശന്‍ തിരിച്ച് നല്‍കിയത് മൂന്ന് വിലപ്പെട്ട ജീവനുകളാണ്. കാര്യമായ അഗ്നിരക്ഷാ മാര്‍ഗം പോലും സ്വീകരിക്കാതെ കെട്ടിടത്തിനുള്ളില്‍ നിന്ന് സ്വന്തം തോളിലേറ്റിയാണ് സുദര്‍ശന്‍ അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സുദര്‍ശനെ മുംബൈ മേയര്‍ പ്രത്യേകം അഭിനന്ദനവും അറിയിച്ചു.

വ്യാഴാഴ്ച അര്‍ധരാത്രി 12.30 ഓടെയാണ് മൂന്ന് നില കെട്ടിടത്തിന് തീ പിടിച്ചത്. തീ വളരെ പെട്ടെന്ന് ആളിപ്പടരുകയും ചെയ്തു. പോലീസ് പെട്ടെന്ന് സ്ഥലത്തെത്തിയെങ്കിലും എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്നള്ള ചിന്തയിലായിരുന്നു അധികൃതര്‍. ഇതിനിടെ സുദര്‍ശന്‍ സ്റ്റെയര്‍കേസിലൂടെ കെട്ടിടത്തിന് ഉള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഉള്ളില്‍പ്പെട്ടവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്നത് മാത്രമായിരുന്നു തനിക്ക് മുന്നില്‍ തോന്നിയ വഴിയെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശേഷം സുദര്‍ശന്‍ പ്രതികരിച്ചു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: