എനര്‍ജി ഡ്രിങ്കുകളില്‍ മാരക വിഷവസ്തുക്കളുടെ സാന്നിധ്യം: ജോലിത്തിരക്ക് മൂലം ആഴ്ചകള്‍ എനര്‍ജിഡ്രിങ്ക് ഉപയോഗിച്ച ആള്‍ ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍: ജോലിത്തിരക്ക് മൂലം 3 ആഴ്ച തുടര്‍ച്ചയായി എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ച ആള്‍ക്ക് ഗുരുതരമായ രോഗം സ്ഥിരീകരിച്ചു. ഭക്ഷണം കഴിക്കാന്‍ സമയമില്ലാത്തതിനാല്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 50 വയസ്സുകാരനായ ഐറിഷുകാരനാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഇയാള്‍ ദിനംപ്രതി 4 മുതല്‍ 5 കുപ്പി വേറെ എനര്‍ജി ഡ്രിങ്ക് ഉപയോഗിച്ചതായി കണ്ടെത്തി.

ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിവയറ്റില്‍ ശക്തമായ വേദന, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയ അസ്വസ്ഥതകളില്‍ ആരംഭിച്ച് പിന്നീട് ഇദ്ദേഹം അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് ഹെപ്പറ്റൈറ്റിസ് പിടിപെട്ടതായി ഡോക്ടര്‍ സ്ഥിരീകരിച്ചു.

പൂര്‍ണ ആരോഗ്യവാനായിരുന്ന രോഗിക്ക് മുന്‍പ് കരള്‍ രോഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ പാനീയം ഉപയോഗിച്ച കാലയളവിലാണ് ഇയാളില്‍ തീവ്രതയേറിയ മഞ്ഞപിത്തം കണ്ടെത്തിയത്. ഊര്‍ജ്ജദായക പാനീയങ്ങളുടെ ഉപയോഗത്തിലൂടെ കരള്‍ രോഗം പിടിപെട്ട രണ്ടാമത്തെ കേസ് ആണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇത്തരം പാനീയങ്ങളില്‍ വിറ്റാമിനുകളും, നിയാസിന്‍ പോലുള്ള ഘടകങ്ങളും അളവില്‍ കൂടുതല്‍ കൂടിച്ചേരുന്നത് ഈ ഉത്പന്നത്തെ വിഷാംശമുള്ളതായി മാറ്റുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. മാത്രമല്ല, ഈ പാനീയങ്ങളില്‍ ആല്‍ക്കഹോള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കാനഡയില്‍ റെഡ്ബുള്‍ പോലുള്ള പാനീയങ്ങളില്‍ ആല്‍ക്കഹോള്‍ മിക്‌സ് ചെയ്യരുതെന്ന മുന്നറിയിപ്പ് ലേബല്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇവ രണ്ട് ബോട്ടിലില്‍ കൂടുതല്‍ ദിനംപ്രതി ഉപയോഗിക്കുന്നതും അപകടകരമാണെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. നോര്‍വേ, ഫ്രാന്‍സ്, ഉറുഗ്വ, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് ശക്തമായ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഗര്‍ഭിണികളും, മുലയൂട്ടുന്ന അമ്മമാരും എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കരുതെന്ന വാണിങ് ലേബല്‍ മാത്രമാണ് നല്‍കി വരുന്നത്. ഏതൊക്കെ സാഹചര്യങ്ങളില്‍ ഇവ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും കണ്ടെത്തിയിരുന്നു.

ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ഭക്ഷണത്തിന് പകരം ഒരിക്കലും ഇത്തരം പാനീയങ്ങള്‍ ശീലമാക്കാതിരിക്കുക, മിതമായ രീതിയില്‍ മാത്രം ഇവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, ആല്‍ക്കഹോള്‍ എനര്‍ജി ഡ്രിങ്ക് മിക്‌സ് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഇവ വരുത്തി വെയ്ക്കുന്ന പാര്‍ശ്വ ഫലങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കഴിയും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: