വര്‍ഷങ്ങള്‍ക്ക് ശേഷം സഹാറ മരുഭൂമിയില്‍ വീണ്ടും മഞ്ഞു പെയ്തു

 

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയില്‍ നിന്ന് അസാധാരണമായ ഒരു വാര്‍ത്തയാണ് വരുന്നത്. ജീവിക്കാന്‍ ഒട്ടുമേ സുഖകരമല്ലാത്ത ഇടമായി കരുതിപ്പോരുന്ന അവിടെ കഴിഞ്ഞ ഞായറാഴ്ച മഞ്ഞു പെയ്തു. സഹാറ മരുഭൂമിയുടെ ഭാഗമായ ഐന്‍ സെഫ്ര എന്ന അള്‍ജീരിയന്‍ പട്ടണത്തിലാണ് ഏതാനും ഇഞ്ച് കനത്തില്‍ മഞ്ഞ് ലഭിച്ചത്. ഒന്നര മണിക്കൂറോളം നേരമെടുത്തു ഇത് ഉരുകിത്തീരാന്‍.

സമുദ്ര നിരപ്പില്‍ നിന്നേതാണ്ട് 3280 അടി മുകളിലുള്ള ഈ പ്രദേശം യാഥാര്‍ത്ഥത്തില്‍ മഞ്ഞ് പെയ്യുന്നിടമല്ല. ജര്‍മന്‍ വെതര്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരിയിലെ കുറഞ്ഞ താപനില ശരാശരി 12.4 ഡിഗ്രി സെല്‍ഷ്യസാണ്. വര്‍ഷത്തില്‍ ആകെ കിട്ടുന്നത് 6.6 ഇഞ്ച് മഴയും. 10 ഇഞ്ചില്‍ കുറവ് മഴ മാത്രം വര്‍ഷത്തില്‍ ലഭിക്കുന്ന സ്ഥലങ്ങളെ ശാസ്ത്രജ്ഞര്‍ സാധാരണ മരുഭൂമിയുടെ ഗണത്തിലാണ് പെടുത്തുക.

വാരാന്ത്യത്തില്‍ തന്നെ അള്‍ജീരിയയിലെ കാലാവസ്ഥാ കേന്ദ്രം അസാധാരണമായി, മഞ്ഞ് വീഴ്ചയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 10-15 സെന്റിമീറ്റര്‍ കനത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ മഞ്ഞ് വീഴാമെന്നാണ് പ്രവചിച്ചിരുന്നത്. എന്തായാലും ഞായറാഴ്ച രാത്രി അത് ഫലിച്ചു. പടിഞ്ഞാറന്‍ മെഡിറ്ററേനിയനെ ചുറ്റി വന്ന തണുത്ത കാറ്റും ഇതിനൊപ്പം വീശി. കഴിഞ്ഞ വര്‍ഷവും ഈ സമയത്ത് ഇത് പോലൊരു മഞ്ഞ് പൊഴിയലുണ്ടായിരുന്നു. അപൂര്‍വ്വമായി അള്‍ജീരിയയിലെ ഉയര്‍ന്നയിടങ്ങളില്‍ മഞ്ഞ് കിട്ടാറുണ്ടെങ്കിലും അതിന് മുമ്പ് 1979 ഫെബ്രുവരിയിലാണ് ഈ പ്രദേശത്ത് മഞ്ഞ് വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ആഗോളതാപനത്തെ കുറിച്ചുള്ള ആശങ്കകളെ ലഘൂകരിക്കാനായി ഈ സംഭവത്തെ ഉപയോഗിക്കാനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അപൂര്‍വ്വമായി ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത് വരെയുണ്ടായതില്‍ ഏറ്റവും ചൂടുള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷത്തേക്കാണ് ലോകം ഇപ്പോള്‍ കടന്നിരിക്കുന്നത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: