ഒരേ ജോലി ചെയ്തിട്ടും തുല്യ ശമ്പളം നല്‍കിയില്ലെന്ന് ആരോപണം; ബിബിസിയുടെ എഡിറ്റര്‍ രാജിവച്ചു

 

ഒരേ പദവിയിലിരുന്ന് ജോലി ചെയ്തിട്ടും പുരുഷന്‍മാരായ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ബിബിസി ചൈന എഡിറ്റര്‍ രാജിവച്ചു. കാരി ഗ്രേസി ആണ് തുല്യ ജോലിക്ക് തുല്യ വേതനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് സ്ഥാനമൊഴിഞ്ഞത്. ഗ്രേസി തന്നെ എഴുതിയ തുറന്ന കത്തിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഉയര്‍ന്ന പദവിയിലിരിക്കുന്ന പുരുഷ ജീവനക്കാര്‍ക്ക് അതേ സ്ഥാനം വഹിക്കുന്ന സ്ത്രീകളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതല്‍ ശമ്പളമാണ് ബിബിസി നല്‍കുന്നത്. സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഫണ്ട് ചെലവഴിക്കുന്നതിന്റെ കണക്കുകള്‍ ബിബിസി വെളിപ്പെടുത്തിയിരുന്നു.

ബിബിസിയുടെ 4 അന്താരാഷ്ട്ര എഡിറ്റര്‍മാരില്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണുള്ളത്. അതിലൊരാളാണ് കാരി ഗ്രേസി. കണക്കുകള്‍ ബി.ബി.സി വെളിപ്പെടുത്തിയപ്പോള്‍ പുരുഷസഹപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെക്കാള്‍ 50 ശതമാനത്തിലേറെ ശമ്പളം കൂടുതലാണെന്ന് ഗ്രേസി വെളിപ്പെടുത്തിയിരുന്നു.

30 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള തന്റെ വിശ്വാസം പ്രതിസന്ധിയിലായെന്നും സ്ഥാപനത്തില്‍ തുല്യതയില്ലെന്നും ഗ്രേസി ആരോപിച്ചു. സുതാര്യമായ ശമ്പള വിരണ ഘടന ആവശ്യമാണെന്നും അവര്‍ ബ്ലോഗിലെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

തനിക്ക് ശമ്പള വര്‍ധന വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുപോലും പുരുഷ സഹപ്രവര്‍ത്തകരുടെ ശമ്പള സ്‌കെയിലിലും താഴെയാണ്. അതിനാല്‍ താന്‍ ഈ പദവി ഒഴിയുകയാണെന്നും ഗ്രേസി വ്യക്തമാക്കുന്നു. ബി.ബി.സി ന്യൂസ് റൂമിലെ പഴയ ജോലിയില്‍ തിരികെ പ്രവേശിക്കുകയാണെന്നും ഗ്രേസി അറിയിച്ചു. ഈ പ്രശ്നം ബി.ബി.സി അംഗീകരിക്കണം. ഖേദപ്രകടിപ്പിച്ച് ശമ്പള വ്യവസ്ഥ സുതാര്യമാക്കണമെന്നും ഗ്രേസി ബ്ലോഗില്‍ ആവശ്യപ്പെട്ടു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: