ട്രംപിന്റെ ആരോഗ്യ റിപ്പോര്‍ട്ട് പുറത്തുവന്നു; ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വൈറ്റ്ഹൗസ് ഡോക്ടര്‍

 

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷമുള്ള ആദ്യ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. എഴുപത്തിയൊന്നുകാരനായ ട്രംപിന്റെ ആരോഗ്യസ്ഥിതി ഏറ്റവും മികച്ചതാണെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരാണ് ട്രംപിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചത്.

ബോഡി മാസ് ഇന്‍ഡക്സ്, റെസ്റ്റിങ് ഹാര്‍ട്ട് റേറ്റ്, രക്തസമ്മര്‍ദ്ദം, രക്തത്തിലേക്കുള്ള ഓക്സിജന്റെ ആഗിരണം എന്നിവയാണ് പ്രാഥമികമായി പരിശോധിച്ചത്. അതിനുശേഷം ഹൃദയം, ശ്വാസകോശം, കാഴ്ച, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ വിശദമായി പരിശോധിച്ചു. മുന്‍ പ്രസിഡന്റുമാരുടെ മാനസികാരോഗ്യം പരിശോധിച്ചിരുന്നെങ്കിലും ട്രംപിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ട്രംപിന്റെ മാനസികാരോഗ്യം ശരിയല്ലെന്നും, അത് പരിശോധിക്കണമെന്നും വിമര്‍ശനമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ഒടുവില്‍ ട്രംപിന് എന്തെങ്കിലും മരുന്നോ ചികില്‍സയോ നല്‍കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഭക്ഷണശീലം കൃത്യസമയത്ത് തന്നെ തുടരണമെന്നും വ്യായാമം മുടക്കരുതെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട്.

71 വയസ്സുള്ള ട്രംപിന്റെ മാനസികാരോഗ്യത്തെച്ചൊല്ലി വിവാദപരാമര്‍ശങ്ങളുള്ള പുസ്തകം പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ വൈദ്യപരിശോധന വലിയ സംഭവമാക്കി മാറ്റിയിരിക്കുകയാണു യുഎസ് മാധ്യമങ്ങള്‍. പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കില്ലെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കിയിരുന്നതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കഴിഞ്ഞവര്‍ഷം നവംബറില്‍ ട്രംപ് തന്റെ ആരോഗ്യം സാക്ഷ്യപ്പെടുത്തുന്ന കുടുംബ ഡോക്ടറുടെ കത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു.

ആറടി മൂന്നിഞ്ച് ഉയരവും 107 കിലോഗ്രാം തൂക്കവുമുള്ള ട്രംപിന് അമിതഭാരമുണ്ടെന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു കത്തില്‍. കൊളെസ്‌ടെറോള്‍ കുറയ്ക്കാന്‍ മരുന്നു കഴിക്കുന്നുണ്ടെന്നും രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പരിധിക്കുള്ളിലാണെന്നും ഡോ. ഹാരോള്‍ഡ് ബോണ്‍സ്റ്റെയ്ന്‍ അന്നു സാക്ഷ്യപ്പെടുത്തി.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: