2018ല്‍ ലോകത്ത് ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്ത്

 

2018 ലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ട് ഏതെന്ന് പുറത്ത് വന്നു. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ജര്‍മ്മന്‍ പാസ്പോര്‍ട്ടാണ് ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ട്. ഇതില്‍ 177 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും, വിസ ഓണ്‍ അറൈവലും അനുവദിക്കുന്നതാണ് ജര്‍മ്മന്‍ പാസ്പോര്‍ട്ട്.

പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് മറ്റ് 173 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ള എല്ലാ ഐറിഷ് പൗരന്മാര്‍ക്കും പാസ്‌പോര്‍ട്ട് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. അയര്‍ലന്റിനൊപ്പം പോര്‍ച്ചുഗല്‍, സൗത്ത് കൊറിയ, യുഎസ് എന്നീ രാജ്യങ്ങളും അഞ്ചാം സ്ഥാനം പങ്കിടുന്നുണ്ട്.

ജര്‍മ്മന്‍ പാസ്പോര്‍ട്ട് കൊണ്ട് കഴിഞ്ഞ വര്‍ഷം 176 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു സന്ദര്‍ശനം അനുവദിച്ചിരുന്നത്. ഈ വര്‍ഷം അത് 177 ആയി ഉയര്‍ത്തുകയായിരുന്നു. ബെലാറസ് ഫെബ്രുവരി 2017ല്‍ അവരുടെ വിസ നയങ്ങള്‍ കൊണ്ടുവന്നതോടെയാണ് 176 രാജ്യങ്ങള്‍ എന്നത് 177 എന്നതായി ഉയര്‍ന്നത്. 176 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാവുന്ന സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്ത്. 175 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാവുന്ന യുകെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, നോര്‍വെ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത്.

ജോര്‍ജ്ജിയന്‍കാര്‍ക്ക് 32 രാജ്യങ്ങളില്‍ കൂടി ഇനി സൗജന്യ വിസയില്‍ സന്ദര്‍ശിക്കാം. ഇതോടെ മൊത്തം 99 രാജ്യമായി. അതേസമയം, ന്യൂസിലന്‍ഡ്, ബര്‍ബുഡ, ലാവോസ്, അല്‍ജീരിയ, ആന്റിഗുവ എന്നീ രാജ്യങ്ങള്‍ക്ക് ചില രാജ്യങ്ങളിലേക്കുള്ള സൗജന്യവിസ നഷ്ടമായി. അഫ്ഗാനിസ്ഥാനാണ് ഏറ്റവും മൂല്യം കുറഞ്ഞ പാസ്പോര്‍ട്ട്. 24 രാജ്യങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ സാധിക്കൂ. ഇറാഖ് (27രാജ്യങ്ങള്‍), സിറിയ (28 രാജ്യങ്ങള്‍), പാകിസ്ഥാന്‍ ( 30 രാജ്യങ്ങള്‍) എന്നീ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന് മുന്നിലുണ്ട്.

 

എ എം

 

 

Share this news

Leave a Reply

%d bloggers like this: