വിമാന യാത്രക്കിടെ തല്ലുണ്ടാക്കി കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി

 

ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ കോക്പിറ്റില്‍ വച്ച് പരസ്പരം അടിപിടികൂടിയ പൈലറ്റുമാരുടെ ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അഞ്ച് വര്‍ഷത്തേക്ക് റദ്ദാക്കി. ഇവരെ ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ നേരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

യാത്രയ്ക്കിടെ ഇരു പൈലറ്റുമാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും മുഖ്യ പൈലറ്റ് വനിതാ പൈലറ്റിന്റെ കരണത്തടിക്കുകയുമായിരുന്നു. തുടര്‍ന്ന് കരഞ്ഞ് കോക്ക്പിറ്റില്‍ നിന്നും ഇറങ്ങിയ വനിതാ പൈലറ്റിനോട് യാത്രക്കാരുടെ സുരക്ഷയെ കരുതി തിരിച്ചു കോക്പിറ്റിലേക്ക് പോകാന്‍ വിമാനത്തിലെ മറ്റ് ജീവനക്കാര്‍ അപേക്ഷിച്ചു. കോക്പിറ്റിലേക്ക് തിരിച്ചുപോയെങ്കിലും അല്‍പ്പ സമയം കഴിഞ്ഞ് അവര്‍ തിരികെ വന്നു. പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരുന്നു. ഇതിനിടെ മുഖ്യ പൈലറ്റും വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നു പുറത്തുവന്നു. തുടര്‍ന്നു ഇരുവരും തമ്മിലടിച്ചു
ഈസമയം 324 യാത്രക്കാരും 14 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

കോക്പിറ്റില്‍ വിമാനത്തെ നിയന്ത്രിക്കാന്‍ ആരുമില്ലാതിരുന്ന സമയത്തും വഴക്കിടുന്നത് വലിയ അപകടത്തിലേക്ക് വഴിമാറുമെന്നറിയിച്ച് ക്രൂ അംഗങ്ങള്‍ കോക്ക്പിറ്റിലേക്ക് തിരിച്ചുപോകാനാവശ്യപ്പെട്ടു. ഗൗരവം മനസിലാക്കി വനിതാ പൈലറ്റ് കോക്പിറ്റിലെത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുകയായിരുന്നു.

 

 

Share this news

Leave a Reply

%d bloggers like this: