ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം പറന്നുയരാന്‍ ഒരുങ്ങുന്നു

 

ശൂന്യാകാശയാത്രയുടെ ചരിത്രത്തില്‍ ഈ മാസം ആറാം തീയതി ഇടം പിടിക്കാന്‍ പോവുകയാണ്. അന്നാണ് ഫാല്‍ക്കന്‍ ഹെവി (Falcon Heavy) എന്നു പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനം പറന്നുയരുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥം ലക്ഷ്യമാക്കിയാണ് ഫാല്‍ക്കന്‍ ഹെവി പറന്നുയരുക. സ്പേസ് എക്സ് (SpaceX) നിര്‍മിച്ചതാണ് ഈ വിക്ഷേപണ വാഹനം. യുഎസിലെ ഫ്ളോറിഡയിലുള്ള കേപ് കനാവെരാലിലെ കെന്നഡി സ്പേസ് സെന്ററിലുള്ള 39A ലോഞ്ച്പാഡില്‍നിന്നായിരിക്കും കുതിച്ചുയരുന്നത്.

സമീപ ഭാവിയില്‍ മനുഷ്യനെ ചൊവ്വാഗ്രഹത്തിലേക്ക് അയയ്ക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്ന സ്പേസ് എക്സിന്റെ ഈ വാഹനം ചൊവ്വാ പര്യവേക്ഷണം നടത്താന്‍ പ്രാപ്തമാണ്. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ശക്തിയുള്ള റോക്കറ്റുകളില്‍ ഒന്നു കൂടിയാണിത്. ഇതിനു മുന്‍പു നാസയുടെ സാറ്റേണ്‍ അഞ്ച് റോക്കറ്റിനായിരുന്നു (Saturn V rocket) ഈ പ്രത്യേകതയുണ്ടായിരുന്നത്. ചാന്ദ്ര പര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യുഎസ് ആസൂത്രണം ചെയ്ത അപ്പോളോ പദ്ധതിയില്‍ പങ്കു ചേര്‍ന്ന സാറ്റേണ്‍ 1970-ല്‍ വിരമിക്കുകയായിരുന്നു.

ചൊവ്വയില്‍ മനുഷ്യരെ എത്തിക്കുക, ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച സ്വകാര്യ സംരംഭമാണ് സ്പേസ് എക്സ് അഥവാ സ്പേസ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ്. എലോണ്‍ മസ്‌ക് ആണ് ഇതിന്റെ സിഇഒ. സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനങ്ങളാണു ഫാല്‍ക്കന്‍. ഇവ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള റോക്കറ്റ് വിക്ഷേപണ വാഹനങ്ങളാണ്. സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കന്‍-1, 2008 സെപ്റ്റംബര്‍ 28നു ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ഭൂമിയിലെ ഭ്രമണപഥത്തിലേക്ക് പോകാന്‍ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ചെടുത്ത ദ്രവ ഇന്ധന വിക്ഷേപണ വാഹനം ഫാല്‍ക്കണ്‍ 1 ആയി മാറി. ഫാല്‍ക്കന്‍ 9-R തരത്തിലുള്ള വിക്ഷേപണ വാഹനങ്ങള്‍ പുനരുപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ്. ഇതിലൂടെ ഒരേ റോക്കറ്റ് തന്നെ പലതവണ ഉപയോഗിക്കാന്‍ കഴിയും.

മൂന്ന് ചെറിയ ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍ ഒരുമിപ്പിച്ചിട്ടുള്ളതാണു ഫാല്‍ക്കന്‍ ഹെവി. അതായത് 18747 എയര്‍പ്ലെയ്നുകള്‍ക്കു സമാനമാണ് മൂന്ന് ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍. ഓരോ ഫാല്‍ക്കന്‍ 9 റോക്കറ്റിലും ഒന്‍പത് മെര്‍ലിന്‍ എന്‍ജിനുകള്‍ (Merlin engines) ഘടിപ്പിച്ചിട്ടുണ്ട്. ഫാല്‍ക്കന്‍ 9 റോക്കറ്റുകള്‍ നേരത്തേ അന്താരാഷ്ട്ര ബഹിരാകാശ നിലയങ്ങളിലേക്കുള്ള നിരവധി ദൗത്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ശൂന്യാകാശവാഹനത്തില്‍ ദിശ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന റോക്കറ്റുകളുടെ എണ്ണം എത്രയധികം കൂടുതലുണ്ടോ അത്രയും ദൂരം കൂടുതലായി സഞ്ചരിക്കാന്‍ സാധിക്കും. അതോടൊപ്പം കൂടുതല്‍ ഭാരവും വഹിച്ചു കൊണ്ടു പോകുവാന്‍ സാധിക്കും.

https://www.youtube.com/watch?v=kLWAV_U2MKM

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: