ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ നയിച്ച അഞ്ച് വര്‍ഷങ്ങള്‍

ആഗോള കത്തോലിക്കാസഭയുടെ അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം തികയ്ക്കുകയാണ് ഫ്രാന്‍സിസ് പാപ്പ. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ രാജിയെ തുടര്‍ന്നായിരുന്നു ഫ്രാന്‍സിസ് പാപ്പ കത്തോലിക്കാസഭയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിതനായത്. യൂറോപ്യനല്ലാത്ത ആദ്യ മാര്‍പാപ്പ, ജെസ്യൂട്ട് പുരോഹിത വിഭാഗത്തില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ തുടങ്ങിയ വിശേഷണങ്ങളുണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്.

130 കോടി ജനങ്ങളുള്ള ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ബ്യൂണസ് അയേഴ്സിലെ കര്‍ദിനാള്‍ ഹോര്‍ഹെ മരിയോ ബെര്‍ഗോഗ്ലിയോയെ തെരഞ്ഞെടുത്തിട്ട് ഈ വര്‍ഷം മാര്‍ച്ച് 13-ാം തീയതി അഞ്ച് വര്‍ഷം തികയുകയാണ്. പോപ്പ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ഏവരേയും ഞെട്ടിച്ചു കൊണ്ടു സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണു കര്‍ദിനാള്‍ ബെര്‍ഗോഗ്ലിയോ കത്തോലിക്കാ സഭയുടെ അധ്യക്ഷനായി ചുമതലയേറ്റത്. തുടര്‍ന്നാണ് അദ്ദേഹം ഫ്രാന്‍സിസ് എന്ന പേര് തെരഞ്ഞെടുത്തത്.

2013-ല്‍ കത്തോലിക്കാസഭയുടെ അധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലയേറ്റ അന്നു മുതല്‍ ലോകത്തിന് ഒരു കാര്യം ബോദ്ധ്യപ്പെട്ടിരുന്നു. അത് മുന്‍ഗാമിയെ പോലെയല്ലെ ഫ്രാന്‍സിസ് പാപ്പ എന്നതായിരുന്നു. ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിലും അവരുമായി ആശയവിനിമയം നടത്തുന്നതിലും മുന്‍ഗാമിയായിരുന്ന ബെനഡിക്റ്റ് പതിനാറാമനേക്കാള്‍ കൂടുതല്‍ ഉന്മേഷവും ഉത്സാഹവുമൊക്കെ ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചു. പ്രവര്‍ത്തിയിലും സമീപനത്തിലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ പോലെയെന്നു വരെ തോന്നിപ്പിച്ചു ഫ്രാന്‍സിസ് പാപ്പ. പോളിഷ് വംശജനായിരുന്ന ജോണ്‍ പോള്‍ മാര്‍പാപ്പ കമ്മ്യൂണിസം, ശീതയുദ്ധം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കില്‍, ലാറ്റിനമേരിക്കന്‍ വംശജനായ ഫ്രാന്‍സിസ് പാപ്പ ശ്രദ്ധ കേന്ദ്രീകരിച്ചതു കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന വിഷമതകളിലായിരുന്നു.

കത്തോലിക്കാസഭയില്‍ പുരോഹിതര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു വാര്‍ത്തകള്‍ സമീപകാലത്തു വന്‍ പ്രാധാന്യം നേടിയിരുന്നു. ഈ വിഷയം കൈകാര്യം ചെയ്യാന്‍ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച നടപടികള്‍ മാതൃകാപരവുമായിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി ഫ്രാന്‍സിസ് പാപ്പ പൊന്തിഫിക്കല്‍ കമ്മിഷന്‍ രൂപീകരിച്ചു.

ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായി ചുമതലയേറ്റ് രണ്ട് വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ഫ്രാന്‍സിസ് പാപ്പ ഒരിക്കല്‍ പറയുകയുണ്ടായി. നാലോ അഞ്ചോ വര്‍ഷത്തിനപ്പുറത്തേയ്ക്ക് ഈ സ്ഥാനത്ത് താന്‍ ഇരിക്കില്ലെന്ന്. എന്നാല്‍ ഈ മാര്‍ച്ചില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ സ്ഥാനത്തുനിന്നും വിരമിക്കാന്‍ നേരമായിട്ടില്ലെന്നു പാപ്പ കരുതുന്നുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. പക്ഷേ, റോമില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ കുറിച്ചാണ്. ആരായിരിക്കണം അടുത്ത പാപ്പ ? എന്ന ചര്‍ച്ചയ്ക്കു ചൂടുപിടിച്ചിരിക്കുന്നു.

കത്തോലിക്കാ സഭ വളര്‍ച്ച കാണിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ള കര്‍ദിനാള്‍മാരായിരിക്കണം അടുത്ത മാര്‍പാപ്പയാകേണ്ടതെന്ന നിര്‍ദേശം ഉയരുന്നുണ്ട്. എന്നാല്‍ യാഥാസ്ഥിതിക നിലപാടുള്ള കര്‍ദിനാള്‍മാരെയായിരിക്കണം അടുത്ത മാര്‍പ്പാപ്പയായി വാഴിക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. ഗിനിയയിലെ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ, കൊളംബോയില്‍നിന്നുള്ള കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

ലോകത്തിനെ സംബന്ധിച്ചും സാധാരണ കത്തോലിക്കരെ സംബന്ധിച്ചും ഈ മാര്‍പ്പാപ്പ ഒരു സ്വാധീന ശക്തിയായിട്ടാണ് വര്‍ത്തിച്ചത്. സഭയുടെ തെറ്റായ കീഴ്വഴക്കങ്ങളെ അദ്ദേഹം മാറ്റിമറിച്ചു. കര്‍ക്കശമായ നിയമങ്ങളെക്കാള്‍ കരുണയ്ക്കും അനുകമ്പയ്ക്കും ഊന്നല്‍ കൊടുത്തു. മാര്‍പാപ്പയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തിയായെന്നു പറയാനും അതു കൊണ്ടു തന്നെ സാധിക്കില്ലെന്നതാണു വസ്തുത.

ഡികെ

Share this news

Leave a Reply

%d bloggers like this: