ബിജെപി ഞെട്ടലില്‍, യുപിയില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടെ വന്‍തോല്‍വിയിലേക്ക്

ലഖ്നൗ: ഉത്തര്‍ പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഭരണകക്ഷിയായ ബിജെപി നാണംകെട്ട തോല്‍വിയിലേക്ക്. സിറ്റിംഗ് മണ്ഡലങ്ങളായ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപി വളരെ പിന്നില്‍ നില്‍ക്കുകയാണ്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്ക് വന്‍തിരിച്ചടി ആയിരിക്കുകയാണ് ഫലം.

സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ രണ്ട് മണ്ഡലങ്ങളിലും വന്‍വിജയത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളായിരുന്നു യഥാക്രമം ഗോരഖ്പൂരും ഫുല്‍പൂരും.

വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് കടക്കവെ ഗൊരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 27,000 ല്‍പരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഉപേന്ദ്രദത്ത് ശുക്ലയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഫുല്‍പൂരില്‍ സമാജ്വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 29,000 ല്‍പരം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ കുശലേന്ദ്ര സിംഗ് പട്ടേലാണ് ബിജെപി സ്ഥാനാര്‍ത്ഥി.

രണ്ട് മണ്ഡലങ്ങളിലും ബദ്ധവൈരികളായ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിഎസ്പി അധ്യക്ഷ മായാവതി പരസ്യപിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഏറെ നാളിന് ശേഷം ശത്രുക്കള്‍ രണ്ടുപേരും ഒന്നിച്ചപ്പോള്‍ അത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ബിജെപിയുടെ ശക്തിദുര്‍ഗങ്ങളിലൊന്നാണ് ഗോരഖ്പൂര്‍ ലോക്സഭാ മണ്ഡലം. കഴിഞ്ഞ അഞ്ച് തവണയായി യോഗി ആദിത്യനാഥാണ് ഇവിടെ നിന്നും വിജയിച്ചത്. 2014 ല്‍ എസ്പി സ്ഥാനാര്‍ത്ഥിയെ 3,12,783 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ആദിത്യനാഥ് ലോക്സഭയിലെത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യോഗി ആദിത്യനാഥ് ലോക്സഭാംഗത്വം രാജിവെച്ചത്.

2014 ല്‍ കേശവ് പ്രസാദ് മൗര്യ 3,08,308 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് ഫുല്‍പൂര്‍. എസ്പിയുടെ ധരംരാജ് സിംഗ് പട്ടേലിനെയായിരുന്നു മൗര്യ തോല്‍പ്പിച്ചത്. ഉത്തര്‍പ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മൗര്യ ലോക്സഭാംഗത്വം രാജിവെച്ചത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: